
സുഹൃത്തുക്കൾക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും, വിഷം ഉള്ളിൽച്ചെന്നാണെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇത് ആസൂത്രിത കൊലപാതകമാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. പാലക്കാട് കിഴക്കഞ്ചേരി വാൽക്കുളമ്പ് സ്വദേശിനി ലെനയുടെ മരണത്തിലാണ് പിതാവ് മുണ്ടപ്ലാക്കൽ ജോൺ (റെജി) ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
തൃശൂർ ഒളരിയിലെ മദർ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലെന. നഴ്സിംഗുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ വാങ്ങാനായി കഴിഞ്ഞ മാർച്ച് 24-നാണ് ലെന വീട്ടിൽ നിന്നിറങ്ങി ആലുവയിലേക്ക് പോയത്. അന്ന് രാവിലെ 11 മണിക്ക് ലെന അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇതിന് നാല് മണിക്കൂറുകൾക്ക് ശേഷം മകളുടെ മരണവാർത്തയാണ് കുടുംബത്തെ തേടിയെത്തിയത്.
ആലുവയിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ ലെനയ്ക്ക് കടുത്ത അസ്വസ്ഥതയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ബിപി കുറഞ്ഞ് അവശയായ യുവതിയെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് കരുതിയിരുന്നെങ്കിലും, വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് കുടുംബത്തിന് സംശയം വർദ്ധിച്ചത്.
മകളെ ആസൂത്രിതമായി വിഷം കൊടുത്തു കൊലപ്പെടുത്തിയതാണെന്ന് പിതാവ് ജോൺ ആരോപിക്കുന്നു.
പരാതിയിൽ രണ്ടു യുവാക്കളുടെ പേര് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇവർക്ക് മരണത്തിൽ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ വിശ്വാസം.
സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ലെനയെ ആരോ മനഃപൂർവ്വം അപായപ്പെടുത്തിയതാണെന്നും പിതാവ് ചൂണ്ടിക്കാട്ടുന്നു.
തന്റെ മകൾക്കുണ്ടായ ദുർഗതി ഇനിയാർക്കും ഉണ്ടാകരുതെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ആലുവ റൂറൽ എസ്.പി ഓഫീസിലെത്തി നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
