വീടുകളില്‍ ഉണ്ടാകാനിടയുള്ള വൈദ്യുതാഘാതവും അതുമൂലം ഉണ്ടാകുന്ന മറ്റ് അപകടങ്ങളും കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍

Share this News

വൈദ്യുതാഘാതം മൂലമുള്ള അപകടങ്ങള്‍: ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി.

വീടുകളില്‍ ഉണ്ടാകാനിടയുള്ള വൈദ്യുതാഘാതവും അതുമൂലം ഉണ്ടാകുന്ന മറ്റ് അപകടങ്ങളും കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍. വൈദ്യുതി അപകടങ്ങളോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ 1912, 9496010101 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കണം. വൈദ്യുതിക്കമ്പിക്ക് സമീപത്തോ കമ്പിയില്‍ അപകടകരമായോ വീണ് കിടക്കുന്ന മരക്കൊമ്പുകളോ മരങ്ങളോ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുമായി സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വടവന്നൂര്‍ തുമ്പിക്കാട്ടില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കുന്നതിനിടെ അയയില്‍ നിന്ന് ഷോക്കേറ്റ് വയോധിക മരിക്കാനിടയായ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ ജാഗ്രതാ നിര്‍ദേശം.

കെ.എസ്.ഇ.ബി. മുന്നറിയിപ്പുകള്‍ ഇപ്രകാരം:

തുണി ഉണക്കാനുള്ള അയ കെട്ടുമ്പോള്‍ ഇരുമ്പുകമ്പികള്‍ ഉപയോഗിക്കാതിരിക്കുക.

വൈദ്യുതക്കമ്പി സ്പര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അയ കെട്ടാതിരിക്കുക.

മരത്തിലും പോസ്റ്റിലുമായി അയ കെട്ടരുത്.

കുളിമുറിയിലേക്കും മറ്റും എടുക്കുന്ന എക്സ്റ്റന്‍ഷന്‍ വയറുകളില്‍ മുട്ടുന്ന തരത്തില്‍ അയ കെട്ടരുത്. മുട്ടുന്ന സാഹചര്യങ്ങളില്‍ അയയുടെ കമ്പിയും എക്സ്റ്റന്‍ഷന്‍ വയറും തമ്മിലുരസി വയറിലെ കവറിങ് പൊട്ടി വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി.) സ്ഥാപിക്കുക.

അയ കെട്ടുമ്പോള്‍ പ്ലാസ്റ്റിക്, ചകിരിക്കയര്‍, ഇന്‍സുലേറ്റഡ് കേബിളുകള്‍ മാത്രം ഉപയോഗിക്കുക.

കഴുക്കോലിന് പകരം ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച വീടുകളില്‍ ഇത്തരം കമ്പികളില്‍ അയ കെട്ടാതിരിക്കുക. കമ്പിയില്‍ സ്പര്‍ശിക്കുന്ന വിധം ലോഹതോട്ടികള്‍ വയ്ക്കാതിരിക്കുക.

എക്സ്റ്റന്‍ഷന്‍ എടുക്കുമ്പോള്‍ പ്ലഗ് നിര്‍ബന്ധമായും സ്ഥാപിക്കുക. വയറുകള്‍ മാത്രമായി ഉപയോഗിക്കരുത്.

നനഞ്ഞ കൈകള്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.

വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കാതിരിക്കുക.

കമ്പിവേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.

പോസ്റ്റിലോ സ്റ്റേ വയറിലോ വൈദ്യുതി ലീക്കേജ് സാധ്യത മുന്നില്‍ക്കണ്ട് അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക.


Share this News
error: Content is protected !!