
ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും സംഘടിപ്പിച്ച കര്‍ഷകദിനാചരണം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഓണം മലയാളിയുടെ വിളവെടുപ്പ് ഉത്സവമാണ്. ഇതു മുന്‍നിര്‍ത്തിയാണ് ചിങ്ങം ഒന്ന് വയലേലകളിലും തൊടികളിലും തോട്ടങ്ങളിലും പണിയെടുക്കുന്ന കര്‍ഷകന്റെ ദിനമായി ആചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കര്‍ഷകരെന്നും കേരളത്തിലെ ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളില്‍ നിന്ന് എങ്ങനെ നല്ല വിളവുണ്ടാക്കിയെടുക്കാം, ഉത്പാദനം കൂട്ടിയും കര്‍ഷകന്റെ ജീവിതം മെച്ചപ്പെടുത്തിയും കയറ്റുമതി ചെയ്തും എങ്ങനെ സമൃദ്ധിയുണ്ടാക്കാം എന്ന നിലയ്ക്കാണ് നമ്മുടെ ചിന്തകള്‍ പോകേണ്ടതെന്നും മന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ 365 ദിവസവും മണ്ണില്‍ വിയര്‍പ്പൊഴുക്കി അന്നമൂട്ടുന്ന കര്‍ഷകര്‍ക്ക് വേണ്ടി നീക്കിവെയ്ക്കപ്പെട്ട ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി വിനിയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചിറ്റൂര്‍ നഗരസഭയില്‍ നടന്ന പരിപാടിയില്‍ ചെയര്‍പേഴ്സണ്‍ കെ.എല്‍. കവിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്, എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രിയദര്‍ശിനി, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ബ്രിട്ടോ, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനീഷ, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലഗംഗാധരന്‍, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുത്തു.
