അട്ടപ്പാടിയില്‍ ഗര്‍ഭിണികളാവുന്നവരുടെ പരിപാലനത്തിനായി കോട്ടത്തറ ആശുപത്രിയില്‍ അമ്മ വീട് ഒരുങ്ങുന്നു. ആവശ്യമായ ശുശ്രൂഷ നല്‍കി കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രി വളപ്പിലാണ് ഏഴ് അമ്മ വീട് നിര്‍മിക്കുന്നത്. ബിനോയ് വിശ്വം എം.പി.യുടെ എം.പി. ഫണ്ടില്‍ നിന്നും 57 ലക്ഷം അനുവദിച്ചാണ് അമ്മ വീട് യാഥാര്‍ത്ഥ്യമാക്കുന്നത്. അട്ടപ്പാടിയില്‍ പ്രസവത്തിനായി ആശുപത്രിയിലേക്ക് വരാന്‍ ഒരു വിഭാഗം ആളുകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് അമ്മ വീട് ഒരുക്കുന്നത്.
പ്രസവത്തിനു ശേഷം പൂര്‍ണമായും സുഖം പ്രാപിക്കുന്നത് വരെ അമ്മ വീട്ടില്‍ താമസിപ്പിച്ച് ആരോഗ്യം ഉറപ്പുവരുത്തിയാണ് ഊരുകളിലേക്ക് വിടുക. ശുചിമുറി, കുളിമുറി, കിടപ്പുമുറി, ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഒരു വീട്. ആകെ 267 ചതുരശ്ര മീറ്ററിലാണ് ഏഴ് വീടുകള്‍ വീടുകള്‍ നിര്‍മിക്കുന്നത്. ഏഴ് വീടുകള്‍ക്കായി ഒരു പൊതു അടുക്കളയും നിര്‍മിക്കും. ഗര്‍ഭിണികള്‍ക്ക് കുടുംബത്തോടൊപ്പം താമസിക്കാം എന്നതാണ് പ്രത്യേകത. പൊതു അടുക്കളയില്‍ അവര്‍ക്ക് സ്വയം ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് അമ്മ വീട് തുറന്ന് നല്‍കുമെന്നും കോട്ടത്തറ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.