മഴ മാറുന്നതോടെ പൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണം; പാലക്കാട് ജില്ലാ വികസന സമിതി

Share this News

മഴ മാറുന്നതോടെ പൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണം; പാലക്കാട് ജില്ലാ വികസന സമിതി . പാലക്കാട് ജില്ലയിലെ പൊളിഞ്ഞു റോഡുകള്‍ മഴ മാറുന്നതോടെ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് എ.ഡി.എം. കെ. മണികണ്ഠന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ റോഡുകള്‍ പൊളിയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പരിധിയില്‍ കവിഞ്ഞ ഭാരം കയറ്റിയുള്ള ലോറികള്‍ പോകുന്നതാണ്. ഗ്രാമീണ റോഡുകളിലൂടെ ഭാര കൂടുതലുള്ള വാഹനങ്ങള്‍ കടന്നു പോകുന്നത് റോഡുകള്‍ പെട്ടെന്ന് പൊളിയാന്‍ ഇടയാക്കുന്നുണ്ട്. അതിന് അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു യോഗത്തില്‍ ആവശ്യപ്പെട്ടു.

അതിര്‍ത്തി പ്രദേശങ്ങളായ വേലന്താവളം, ഒഴലപ്പതി, മേനോന്‍പാറ മേഖലകളിലൂടെയാണ് അമിതഭാരമേറിയ ലോറികള്‍ സ്‌കൂള്‍ സമയങ്ങളില്‍ ഉള്‍പ്പെടെ കടന്നുപോകുന്നത്. ഇത് തടയുന്നതിനായി അതിര്‍ത്തികളില്‍ 24 മണിക്കൂറും പരിശോധന കര്‍ശനമാക്കിയതായി എ.ഡി.എം. അറിയിച്ചു. നിരീക്ഷണത്തിനായി റവന്യൂ, പോലീസ്, ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ ടീം രൂപീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.

പച്ചതേങ്ങ, കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ കൊപ്ര സംഭരണം ആരംഭിക്കുന്നതിനും പച്ചതേങ്ങ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നത് 50 ല്‍ നിന്നും 100 ആക്കി മാറ്റുന്നതിനും ഡയറക്ടറേറ്റിലേക്ക് കത്ത് നല്‍കിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നിലവില്‍ 50 തേങ്ങ വെച്ച് 1744 കര്‍ഷകരില്‍ നിന്നും 631.559 മെട്രിക് ടണ്‍ തേങ്ങ സംഭരിച്ചതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.


ജില്ലയില്‍ നെല്‍കൃഷിക്ക് വ്യാപകമായി ഓലകരിച്ചില്‍ ഉണ്ടാകുന്നതായും കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നഷ്ടപരിഹാരവും നല്‍കണമെന്നും കെ. ബാബു എം.എല്‍.എ. ആവശ്യപ്പെട്ടു. മഴയും വെയിലും മാറിമാറി ഉണ്ടാകുന്നതാണ് ഓലകരിച്ചിലിന് പ്രധാന കാരണമെന്നും കൃഷിഭവന്‍, പാടശേഖരസമിതികള്‍ മുഖേന ആവശ്യമായ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് നല്‍കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. ഓലകരിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അറിയിച്ചു.

കോങ്ങാട് മണ്ഡലത്തിലെ മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക മേഖലയിലൂടെ കടന്നുപോകുന്ന ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട പ്രവര്‍ത്തിയില്‍ റെസ്റ്റോറേഷന്‍ പൂര്‍ത്തീകരിച്ച് സ്ഥലം കൃഷിയോഗ്യമാക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കെ. ശാന്തകുമാരി എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ജനങ്ങളുടെ അതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കണം. ഏറ്റവും അടുത്ത ദിവസം സ്ഥലം സന്ദര്‍ശിക്കണമെന്നും ഉദ്യോഗസ്ഥരോട് എം.എല്‍.എ. ആവശ്യപ്പെട്ടു. മീനാക്ഷിപുരത്തുള്ള പട്ടികവര്‍ഗ ഹോസ്റ്റലിന് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിന് എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും പട്ടികവര്‍ഗ വികസന വകുപ്പ്, ഡി.ഡി.പി, അഗ്നിശമനസേന എന്നീ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധിച്ച് കോര്‍പ്പസ് ഫണ്ടില്‍ നിന്നും വകയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.

വല്ലപ്പുഴ-നെല്ലായ പ്രദേശത്തുള്ള പൊന്‍മുഖംമലയില്‍ പാറ പൊട്ടിക്കുന്നതും ഖനനം ചെയ്യുന്നതും പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതായി മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. പറഞ്ഞു. ക്വാറിയുടെ ലൈസന്‍സും പാരിസ്ഥിതിക ആഘാതത്തെ സംബന്ധിച്ചും പരിശോധന നടത്തുമെന്ന് എ.ഡി.എം. അറിയിച്ചു.

ശ്രീകൃഷ്ണപുരത്ത് ലക്ഷംവീട് കോളനിയില്‍ മലയില്‍ പണ്ടാരം, തണ്ടാന്‍ സമുദായങ്ങളില്‍ പെടുന്നവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ഉള്‍പ്പെടെ ബാധിക്കുന്നതായും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമൂലം പ്ലസ് വണ്‍ പ്രവേശനം തടസപ്പെട്ടതായും കെ. പ്രേംകുമാര്‍ എം.എല്‍.എ. പറഞ്ഞു. കടമ്പഴിപ്പുറം മേഖലയില്‍ മുന്നൂറോളം വരുന്ന വീടുകളില്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാത്ത വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ ബി.എസ്.എന്‍.എല്ലുമായി സംസാരിക്കുകയും പരിശോധിച്ചു വരുന്നതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യേഗസ്ഥര്‍ അറിയിച്ചു.

ഡി.ടി.പി.സി. ജില്ലാതല ഓണാഘോഷം സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ

ഡി.ടി.പി.സിയുടെ ജില്ലാതല ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 10 വരെ നടക്കും. രാപ്പാടിയാണ് പ്രധാനവേദി. ആറിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി രാപ്പാടിയില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ആറ് മുതല്‍ 10 വരെ മലമ്പുഴ ഉദ്യാനത്തിലും ഏഴ്, എട്ട് തീയതികളില്‍ പോത്തുണ്ടി ഉദ്യാനത്തിലും എട്ട്, ഒമ്പത്, 10 തീയതികളില്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലും ഏഴിന് വെള്ളിയാങ്കലിലും
ആഘോഷ പരിപാടികള്‍ നടക്കും. മലമ്പുഴ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങളില്‍ ദീപാലങ്കാരവും ഉണ്ടായിരിക്കുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.

മിഷനുകളുടെ പ്രവര്‍ത്തന പുരോഗതി

മൂന്നാംഘട്ടത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ എസ്.സി, എസ്.ടി, ജനറല്‍ വിഭാഗങ്ങളിലായി 1134 വീടുകള്‍ പൂര്‍ത്തീകരിച്ചു. 1702 വീടുകളുടെ ഉടമ്പടി വെച്ചതായും 170 വീടുകള്‍ ബേസ്‌മെന്റ്, 156 വീടുകള്‍ ലിന്റല്‍, 96 വീടുകള്‍ റൂഫ് എന്നിങ്ങനെ പണികള്‍ പൂര്‍ത്തിയായതായും ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

ജില്ലയില്‍ ഹരിത കേരളം മിഷന്റെ ഭാഗമായി 197 പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചതായി കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 103.56 ഏക്കറാണ് ആകെ പച്ചതുരുത്തുകളുടെ വിസ്തൃതി. 13 മാതൃക പച്ചതുരുത്തുകളും ഉണ്ട്. പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നതില്‍ ജില്ലാ പഞ്ചായത്താണ് മുന്‍കൈയെടുക്കുന്നത്. മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടിയാണ് പച്ചത്തുരുത്തുകള്‍ കൂടുതല്‍ വിപുലപ്പെടുത്തിയിരിക്കുന്നത്.

ആര്‍ദ്രം മിഷന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കാന്‍ ഉണ്ടായിരുന്ന 16 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 15 എണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതായും രണ്ടാംഘട്ടത്തിലെ 45 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 43 എണ്ണത്തിന്റെ പണി ആരംഭിച്ചതായും മൂന്നാംഘട്ടത്തില്‍ 18 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ അഞ്ച് എണ്ണത്തിന് എ.എസ്. ലഭിച്ചതായും ആര്‍ദ്രം കോര്‍ഡിനേറ്റര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Share this News
error: Content is protected !!