

റബ്ബർ വിലയിടിവ് തുടരുന്നു ദുരിതത്തിലായി കർഷകർ
നെന്മാറ : റബ്ബർ വിളവെടുപ്പ് സജീവമായതോടെ റബ്ബർ വിലയിടവും പതിവാകുന്നു. ഒരു കിലോ നാലാം ഗ്രേഡ് റബ്ബർ ഷീറ്റിന് വ്യാപാരി വില 154 രൂപയായി കുറഞ്ഞു കഴിഞ്ഞ ഒരാഴ്ച കൊണ്ട് 6 രൂപ കുറഞ്ഞു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങു വിലയായ 170 രൂപയിൽ നിന്ന് 16 രൂപയുടെ കുറവാണ് ഇപ്പോൾ കർഷകർക്ക് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിലയിടിവിനെ തുടർന്നാണ് റബ്ബറിന് വില കുറയുന്നതെന്ന് വ്യാപാരികൾ പറയുന്നു. സർക്കാർ പ്രഖ്യാപിച്ച താങ്ങു വിലയും മാർക്കറ്റ് വിലയുടെയും തമ്മിലുള്ള വ്യത്യാസ തുക കർഷകരിൽ നിന്നും ബില്ല് വാങ്ങി റബ്ബർ ബോർഡ് ചെറുകിട കർഷകർക്ക് ഇൻസെന്റീവ് ആയി നൽകുന്ന പദ്ധതി ഈ വർഷം ഇനിയും പുനരാരംഭിച്ചിട്ടില്ലാത്തതും കർഷകർക്ക് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞയാഴ്ച 142 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 133 രൂപയായി കുറഞ്ഞു. റബ്ബർ ബോർഡ് നിശ്ചയിച്ച മാർക്കറ്റ് വിലയും166 ൽ നിന്ന് 159 രൂപയായി ചുരുങ്ങി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 7 രൂപയുടെ കുറവുണ്ടായി. ഓണം അടുത്തതോടെ കർഷകർ അവരുടെ കയ്യിലുള്ള റബ്ബർ ഷീറ്റ് വിപണിയിൽ എത്തിച്ചതും വിപണിയിൽ കൂടുതൽ റബ്ബർ വരുന്നത് സമയത്ത് വിപണിയിൽ നിന്ന് റബ്ബർ അധിഷ്ഠിത വ്യവസായികൾ വിട്ടുനിൽക്കുന്നത് റബ്ബർ വിലയിടിവ് തുടരുന്നതിന് കാരണമായി വ്യാപാരികളും ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര മാർക്കറ്റിലെ വിലകുറവ് വൻകിട റബർ അധിഷ്ഠിത വ്യവസായശാലകൾക്ക് ഗുണകരമായതിനാൽ റബ്ബർ ഇറക്കുമതി നടക്കുന്നതും വില കുറയാൻ കാരണമായെന്ന് വ്യാപാരികൾ പറയുന്നു. കർഷകരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും വളം ഇടുന്നതിനും പൈസ ആവശ്യമായ സമയമായതിനാൽ കർഷകർക്ക് റബ്ബർ വിൽക്കാതെ പിടിച്ചുനിൽക്കാനും കഴിയാത്ത സ്ഥിതിയാണ്.