
എൽ.വി.എം-3 വിക്ഷേപണം വിജയം, 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക്; ചരിത്രമെഴുതി ഐഎസ്ആർഒ
ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളായ ‘വൺ വെബി’ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐ.എസ്.ആർ.ഒ.യുടെ എൽ.വി.എം.-3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.എൽ.വി.എം.-3 സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് കുതിച്ചുയർന്നതോടെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രമാണ് രചിക്കപ്പെട്ടത്.5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തുന്നതോടെ ഐ.എസ്.ആർ.ഒയ്ക്ക് അത് അഭിമാന നിമിഷം. ഇന്ത്യൻ മണ്ണിൽനിന്ന് ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതും ആദ്യമാണ്.ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽ.വി.എം.-3) എന്നു പേരുമാറ്റിയ ജി.എസ്.എൽ.വി. റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആർ.ഒ. നടത്തുന്ന ആദ്യത്തെ വാണിജ്യ വിക്ഷേപണമാണിത്.

10 ടൺവരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലെത്തിക്കാൻ എൽ.വി.എം.-3 റോക്കറ്റിന് ശേഷിയുണ്ട്.വൺവെബ്ബിന്റെ ബ്രോഡ്ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നെറ്റ് വർക്ക് ആക്സസ് അസോസിയേറ്റഡ് ലിമിറ്റഡും (വൺവെബ്ബ്) ഐ.എസ്.ആർ.ഒയുടെ സഹ സ്ഥാപനമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും തമ്മിൽ കരാറിലെത്തിയിരുന്നു. ആറ് ടൺ ഭാരമുള്ള പേലോഡ് ആണ് വിക്ഷേപിക്കുക. 2023 ജനുവരിയിൽ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും.ഇന്ത്യയുടെ ഭാരതി ഗ്ലോബലും യുകെ സർക്കാരും സംയോജിച്ചുള്ള സംരംഭമാണ് വൺ വെബ്ബ്. 650 ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിൽ വിക്ഷേപിക്കുകയും അവയുടെ പിൻബലത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം എത്തിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO
