
ജാമ്യം കിട്ടുന്നില്ല, മലമ്പുഴ ജയിലിൽ കൂട്ടനിരാഹാരം; 49 തടവുകാരും കഞ്ചാവ് കേസിൽപ്പെട്ടവർ
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിനകത്ത് കൂട്ടമായി നിരാഹാരമിരുന്ന് തടവുകാർ. കഞ്ചാവുകേസുകളിൽ പിടിക്കപ്പെട്ട് ജയിലിൽക്കഴിയുന്ന 49 തടവുകാരാണ് തിങ്കളാഴ്ച നിരാഹാരമിരുന്നത്. ഇവരിൽ 20 പേരെ തൃശ്ശൂരിലെ വിയ്യൂർ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റി.
കോടതിയിൽനിന്ന് ജാമ്യം ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ സമരം. തിങ്കളാഴ്ച പ്രഭാതഭക്ഷണം ഒഴിവാക്കിക്കൊണ്ടാണ് സമരം തുടങ്ങിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്തും സമരം തുടർന്നു.
ഉത്തരമേഖലാ ഡി.ഐ.ജി. സാം തങ്കയ്യനും മലമ്പുഴ ജില്ലാ ജയിൽസൂപ്രണ്ടും ഉൾപ്പെടെ സ്ഥലത്തെത്തി തടവുകാരുമായി ചർച്ച നടത്തി. എന്നാൽ, ചിലർ നിരാഹാരത്തിൽനിന്ന് പിന്മാറാൻ തയ്യാറായില്ല. ഇതോടെ, ഉച്ചയ്ക്ക് രണ്ടരയോടെ സമരത്തിന് നേതൃത്വംനൽകിയ 20 തടവുകാരെ വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു. വൻ കഞ്ചാവുകടത്തുകേസുകളിലെ പ്രതികളാണ് എല്ലാവരുമെന്ന് മലമ്പുഴ ജില്ലാ ജയിലധികൃതർ പറഞ്ഞു.