
വാല്‍ക്കുളമ്പ് ഓര്‍ത്തഡോക്‌സ് കാതോലിക്കേറ്റ് സെന്ററില്‍ പെരുന്നാള്‍ ഇന്നും നാളെയും പൗരസ്ത്യ കാതോലിക്ക ബാവയ്ക്ക് സ്വീകരണവും
റിപ്പോർട്ട്: ബെന്നി വർഗ്ഗീസ്

വടക്കഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വാല്‍ക്കുളമ്പ് മാര്‍ ഗ്രിഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 120 ാം ഓര്‍മ്മ പെരുന്നാള്‍ ഇന്നും, നാളെയും(നവംബര്‍ 10,11) നടക്കും. 2017 മെയ് 12,13 തിയതികളില്‍ പുതുതായി നിര്‍മ്മിച്ച കാതോലിക്കേറ്റ് സെന്ററില്‍ ആദ്യമായി എത്തുന്ന പൗരസ്ത്യ കാതോലിക്കേ ബാവ പരി.ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃത്വീയന്‍ ബാവയ്ക്ക് വാല്‍ക്കുളമ്പില്‍ ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് സ്വീകരണവും നല്‍കും. വാല്‍ക്കുളമ്പില്‍ നിന്ന് വാദ്യമേളത്തിന്റെയും, ഇടവകാംഗങ്ങളുടെ റാലിയുടെയും അകമ്പടിയില്‍ കാതോലിക്ക സെന്ററിലേക്ക് ആനയിക്കും.1982 ല്‍ പ്രാര്‍ത്ഥനാലയമായി തുടങ്ങിയ കാതോലിക്കേറ്റ് സെന്റര്‍ വളര്‍ച്ചയുടെ നാളുകളില്‍ ഇടവക ജനത്തില്‍ ആലയമായി 2015 ലാണ് പുതുക്കി പണിയാന്‍ തുടങ്ങിയത്. വളര്‍ച്ചയുടെ പടവുകള്‍ താണ്ടി പുതുക്കി പണിത കാതോലിക്കേറ്റ് സെന്റര്‍ അന്നത്തെ കാതോലിക്ക ബാവ പരി.ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവയാണ് മൂറോണ്‍ അഭിഷേകം നടത്തിയത്.

ചടങ്ങില്‍ തൃശൂര്‍ മലബാര്‍ കൊച്ചി, കുന്നംകുളം ഭദ്രാസനങ്ങളിലെ നിരവധി വൈദികരും, വിശ്വാസികളും പങ്കെടുക്കും. ഈ ഇടവകയുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി അദ്ധ്വാനിച്ച 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ കാതോലിക്ക ബാവ ആദരിക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തൃശൂര്‍ മെത്രാസനത്തിന്റെ കീഴിലുള്ള ആരാധനാലയമാണ് വാല്‍ക്കുളമ്പ് ഓര്‍ത്തഡോക്‌സ് കാതോലിക്കേറ്റ് സെന്റര്‍. ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടര്‍ യൂഹാന്നോന്‍ മോര്‍ മിലിത്തോസ് മെത്രാപ്പൊലീത്തയും, ഇടവകയിലെ വൈദികരും ചടങ്ങില്‍ പങ്കെടുക്കും.
നവംബര്‍ 6 ന് ഞായറാഴ്ച കൊടിയുയര്‍ത്തിയതോടെയാണ് പെരുന്നാളിന് തുടക്കമായത്. ഇന്ന് വൈകീട്ട് 6.30 ന് സന്ധ്യാ നമസ്‌കാരം, 7.30 ന് പ്രസംഗം, 8.30 ന് മുതിര്‍ന്നവരെ ആദരിക്കല്‍, 8.40 ന് ആശിര്‍വാദം, 9. മണിയ്ക്ക് സ്‌നേഹ വിരുന്ന് എന്നിവ നടക്കും.വെള്ളിയാഴ്ച രാവിലെ 7 മണിയ്ക്ക് പ്രഭാത നമസ്‌കാരം, 8 മണിയ്ക്ക് പരിശുദ്ധ കാതോലിക്ക ബാവയുടെയും, ഇടവക മെത്രാപ്പോലീത്തയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രസംഗവും നടക്കും. 10 മണിയ്ക്ക് പനംകുറ്റി കുരിശിങ്കലിലേക്ക് റാസയും, 11.30 ന് ആശിര്‍വാദവും, തുടര്‍ന്ന് സ്‌നേഹ സദ്യയും നടക്കും. വൈകീട്ട് 4 മണിയ്ക്ക് കൊടിയിറക്കുന്നതോടെയാണ് പെരുന്നാള്‍ സമാപിക്കും.വികാരി. ഫാ. കുര്യാച്ചന്‍ മാത്യൂ, ട്രസറ്റി സണ്ണിതോമസ് കടുംബേലി, സെക്രട്ടറി പി.ജെ.ജോയി പന്തപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാളിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX
