ആലത്തൂര്‍ ജനസേവന കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിര്‍വഹിച്ചു

Share this News

ആലത്തൂരിലെ റവന്യൂ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യവാരത്തോടെയോ പ്രത്യേകം നോഡല്‍ ഓഫീസറെ തീരുമാനിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്ന് ലാന്‍ഡ് റവന്യൂ, സര്‍വെ ആന്‍ഡ് റെക്കോര്‍ഡ്‌സ്, ഭൂപരിഷ്‌കരണ, ഭവന വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ആലത്തൂര്‍ ദേശീയ മൈതാനം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ആലത്തൂര്‍ ജനസേവന കേന്ദ്രം നിര്‍മാണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെറിയ കാലയളവില്‍ കൃത്യതയോടെ ജനങ്ങളുടെ ആവശ്യങ്ങളെ മുന്‍ഗണനാടിസ്ഥാനത്തില്‍ ക്രമീകരിച്ച് പൂര്‍ത്തിയാക്കും. വകുപ്പിന്റെ സങ്കീര്‍ണമായ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം മറ്റു വകുപ്പുകളുമായും ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ കൂടി സേവനവകുപ്പ് എന്ന നിലയില്‍ പരിഹരിക്കാനുള്ള ചുമതല റവന്യൂ വകുപ്പിനുണ്ട്. വകുപ്പുകളുടെ മാതാവ് എന്ന നിലയില്‍ മാതൃവകുപ്പായി റവന്യൂ മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമ്പൂര്‍ണ്ണമായി ഡിജിറ്റലൈസ് ചെയ്ത ആദ്യ വകുപ്പായി മാറ്റുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതോടെ റവന്യൂ പ്രവര്‍ത്തനങ്ങളുടെ ഘടനയില്‍ തന്നെ മാറ്റം വരികയാണ്. എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ജില്ലാതല റവന്യൂ അസംബ്ലികള്‍ ഏറെ ശ്രദ്ധേയമാണ്. വില്ലേജ് തല ജനകീയ സമിതി ഉപയോഗപ്പെടുത്തി പഞ്ചായത്ത് സ്വയംഭരണ സ്ഥാപനം പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുഖേന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും വകുപ്പ് തലത്തില്‍ പരിഹരിക്കുന്നതിന് നടപടി ഉണ്ടാകുകയും വേണമെന്നും മന്ത്രി പറഞ്ഞു.

2019-2021 വര്‍ഷത്തെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി ഉപയോഗിച്ചാണ് ജനസേവന കേന്ദ്രം നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആലത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. ജനസേവന കേന്ദ്രത്തില്‍ താലൂക്ക് തല വികസന സമിതി ഉള്‍പ്പടെ ചേരുന്നതിന് ഉപകാരപ്രദമാകും.

പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം കെ. മണികണ്ഠന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, എരിമയൂര്‍, കിഴക്കഞ്ചേരി, മേലാര്‍കോട്, തേങ്കുറിശി, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. പ്രേമകുമാര്‍, കവിത മാധവന്‍, ടി. വത്സല, ആര്‍. ഭാര്‍ഗവന്‍, മിനി നാരായണന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എസ്. ആസാദ്, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ചന്ദ്രന്‍, ആലത്തൂര്‍ തഹസില്‍ദാര്‍ പി. ജനാര്‍ദ്ദനന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Share this News
error: Content is protected !!