
പ്രതിസന്ധികളെ ഓടിത്തോൽപ്പിച്ച നിവേദ്യ കലാധറിന് പോലീസിന്‍റെ ആദരം
ജീവിത പ്രതിസന്ധികളെ ഓടിത്തോൽപ്പിച്ച് സുവർണ നേട്ടം കരസ്ഥമാക്കിയ പാലക്കാട് കൊടുവായൂർ സ്കൂളിലെ എട്ടാം ക്ലാസുകാരി നിവേദ്യ കലാധറിന് പുതുനഗരം പൊലീസിന്റെ ആദരം. സംസ്ഥാന സ്കൂൾ കായിക മേളയിലെ മികവ് മുന്നോട്ടുള്ള കുതിപ്പിന് ഊർജമാക്കാൻ സമ്മാനങ്ങൾക്കൊപ്പം സഹായ വഴി തുറക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. മനക്കരുത്തുണ്ടെങ്കില്‍ പരിമിതികളെ മറികടക്കാൻ അധിക നേരം വേണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി.തലസ്ഥാനത്ത് നടന്ന സ്കൂൾ കായിക മേളയിൽ ഇരുന്നൂറ്, നാനൂറ്, അറുന്നൂറ് മീറ്റർ ഓട്ടത്തിൽ നിവേദ്യ കലാധറിനായിരുന്നു മറ്റ് കുട്ടികളെക്കാൾ വേഗക്കൂടുതൽ. സുവർണ നേട്ടത്തിന്റെ പതിവ് ഉടമയായി മാറുമ്പോൾ ഈ എട്ടാം ക്ലാസുകാരി ജീവിത സാഹചര്യത്തിലെ പരിമിതികളെക്കൂടിയാണ് ഓടിത്തോൽപ്പിക്കുന്നത്.

ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലം. അമ്മയുടെ മാത്രം അധ്വാനത്തിന്റെ പിൻബലത്തിൽ പരിമിതി മറികടന്നുള്ള യാത്ര.നാട്ടിൻപുറത്തെ മൈതാനത്തിൽ മഴയും വെയിലും നോക്കാതെ നിരന്തര പരിശീലനം. മനസുണ്ടെങ്കിൽ മനക്കോട്ടയ്ക്കപ്പുറം മികവിലേറാമെന്ന യാഥാർഥ്യത്തോടെ കൊടുവായൂർ ഹൈസ്കൂളിലെ ഈ മിടുക്കി സകലർക്കും മാത്യക തീർക്കുകയാണ്. ഈ ആദരവ് ഭാവിയിലെ യാത്രയ്ക്ക് വേഗത കൂട്ടാൻ വേണ്ടിയാണ്.സകലരോടും നന്ദിയെന്ന് സുവര്‍ണ നേട്ടം ഓടിയെടുത്ത മിടുക്കി.
പ്രതിസന്ധികൾ മനസിലാക്കി നിവേദ്യക്ക് പൂര്‍ണ പിന്തുണയുമായുള്ള പരിശീലകന്‍ അജയ് കുമാറിനെയും ചടങ്ങിൽ ആദരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l