
വിമാനനിരക്ക് കുത്തനെ ഉയർന്നു
കുത്തനെ ഉയർന്ന വിമാനനിരക്കിനെ പാർലമെന്റിൽ ന്യായീകരിച്ച് കേന്ദ്രസർക്കാർ. കോവിഡിൽ ഏറ്റവും കൂടുതൽ ദുരിതംനേരിട്ട വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്കുവർധനയിൽ ഇടപെടാനാവില്ലെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നിരക്ക് ചാർട്ടുണ്ടാക്കി വിമാനക്കൊള്ള തടയുമോ എന്ന സി.പി.എം. അംഗം വി. ശിവദാസന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടിപറയുകയായിരുന്നു അദ്ദേഹം. വ്യോമയാന ഗതാഗതം സീസണൽ വ്യവസായമാണെന്ന് മന്ത്രി പറഞ്ഞു. ‘‘അതിൽ ഉയർച്ചയും താഴ്ചയും ഉണ്ട്. ഉത്സവ സീസണായ ഒക്ടോബർമുതൽ ഫെബ്രുവരിവരെ വ്യോമയാനമേഖല ഉച്ചസ്ഥായിയിലാണ്.

അതേസമയം, വർഷകാലത്ത് പൂർണമായും താഴ്ചയിലും. കോവിഡ് കാലത്ത് ഈ മേഖല ഏറ്റവും ദുരിതപൂർണമായ സാഹചര്യത്തിലായിരുന്നു. 18-24 മാസം വിമാനങ്ങൾ പറന്നില്ല. മാത്രവുമല്ല, വിമാന ഇന്ധനനിരക്ക് കോവിഡിനുമുമ്പ് കിലോലിറ്ററിന് 35,000-40,000 ആയിരുന്നെങ്കിൽ ഇപ്പോൾ 1,17,000 ആണ്. അസംസ്കൃതവസ്തുക്കളുടെ വിലയും 50 ശതമാനം വർധിച്ചു. ഇതാണ് ടിക്കറ്റ് വിലയിലും പ്രതിഫലിക്കുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്കുചെയ്താൽ നിരക്ക് കുറവായിരിക്കും. ആഗോളതലത്തിൽ അതാണ് രീതി’’ -മന്ത്രി പറഞ്ഞു. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഇക്കോണമി ക്ലാസിൽപ്പോലും 25,000 രൂപ ഈടാക്കുന്ന അവസ്ഥയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും വി. ശിവദാസൻ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo