സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിദ്യാര്‍ത്ഥി-രക്ഷകര്‍ത്തൃ-അധ്യാപക യോഗം ചേര്‍ന്നു

Share this News

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിദ്യാര്‍ത്ഥി-രക്ഷകര്‍ത്തൃ-അധ്യാപക യോഗം ചേര്‍ന്നു

2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും അപ്പീല്‍ മുഖേന പങ്കെടുക്കുന്നവരുടെയും യോഗം പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി സ്വീകരിക്കേണ്ട പൊതുനിര്‍ദേശങ്ങള്‍ നല്‍കി.
റവന്യൂ തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചവര്‍, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ മുഖേന അപ്പീല്‍ ലഭിച്ചവര്‍, കോടതി അനുകൂല ഉത്തരവ് ലഭിച്ചവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗം വിദ്യാര്‍ത്ഥികളാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
റവന്യൂ തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാതൃകാ ഫോറത്തിലുള്ള ഐ.ഡി കാര്‍ഡ് ഫോട്ടോ പതിപ്പിച്ച് സ്‌കൂള്‍ മേധാവി സീല്‍ വെച്ച് വകുപ്പില്‍ ഏല്‍പ്പിക്കണം.


കോഴിക്കോട് നേരിട്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയാണ് വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡ് വാങ്ങി നല്‍കുന്നത്. ജനറല്‍ കലോത്സവത്തില്‍ ഒന്നില്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുവര്‍ ഒരു ഐ.ഡി കാര്‍ഡ് നല്‍കിയാല്‍ മതി. എന്നാല്‍ അറബിക്, സംസ്‌കൃത കലോത്സവങ്ങള്‍ക്ക് പ്രത്യേകം ഐ.ഡി കാര്‍ഡ് നല്‍കണം. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ മുഖേന അപ്പീല്‍ ലഭിച്ചവര്‍, കോടതി അനുകൂല ഉത്തരവ് ലഭിച്ചവര്‍ എന്നിവര്‍ നേരിട്ട് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴിക്കോട് ബി.ഇ.എം ഹൈസ്‌കൂളിലെത്തി വാങ്ങണം.
അപ്പീല്‍ ഉത്തരവ് ലഭിച്ചവര്‍ കോഴിക്കോട് ബി.ഇ.എം ഹൈസ്‌കൂളിലെ ലോവര്‍ അപ്പീല്‍ കൗണ്ടറില്‍ 5000 രൂപ ഫീസടച്ച് രജിസ്ട്രേഷന്‍ നടത്തിയതിന് ശേഷം പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡ് കൗണ്ടറില്‍ നിന്ന് തന്നെ നേരിട്ട് വാങ്ങണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍ അധ്യക്ഷനായി.’ആരോഗ്യപരമായ കലോത്സവ സമീപനം’ വിഷയത്തില്‍ കഥകളി നടനും സംഗീതജ്ഞനും ചിത്രകാരനും ശില്‍പിയുമായ ഡോ. സദനം ഹരികുമാര്‍ സംവദിച്ചു. വിദ്യാകിരണം ജില്ലാ-കോര്‍ഡിനേറ്റര്‍ ഡി. ജയപ്രകാശ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ മഹേഷ് കുമാര്‍, ജില്ലാ കലോത്സവം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രഭാകരന്‍, നോഡല്‍ ഓഫീസര്‍ പി. തങ്കപ്പന്‍, കലോത്സവം സെക്ഷന്‍ സൂപ്രണ്ട് സി. കൃഷ്ണന്‍, സെക്ഷന്‍ ക്ലാര്‍ക്ക് ധീരജ് എന്നിവര്‍ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/J1HMJFl3wghEvs6oiMFojd


Share this News
error: Content is protected !!