
വിക്ടോറിയ കോളജിന്റെ ഗേറ്റ് കവര്‍ന്നു; ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍
പാലക്കാട് വിക്ടോറിയ കോളജിലെ ഗേറ്റ് കവര്‍ന്നതിന് ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. ഒരാഴ്ച മുന്‍പ് നഷ്ടപ്പെട്ട ഗേറ്റ് മെന്‍സ് ഹോസ്റ്റലിലെ ശുചിമുറിയുടെ മുകളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. രാത്രിയില്‍ കോളജിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് തടസമുണ്ടാകാതിരിക്കാനാണ് ഇത്തരത്തില്‍ ഗേറ്റ് പൊളിച്ച് നീക്കിയതെന്നാണ് മൊഴി.
കോളജിന്റെ പ്രധാന ഗേറ്റ് വൈകീട്ട് അടയ്ക്കുന്നതാണ് പതിവ്. തുടര്‍ന്ന് കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും ചെറിയ ഗേറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ ഗേറ്റാണ് രാത്രിയില്‍ കവര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇരുമ്പ് പൈപ്പ് മാത്രം നിര്‍ത്തി ഗേറ്റ് ഉയര്‍ത്തിയെടുത്ത് നീക്കുകയായിരുന്നു. പിന്നാലെ കോളജ് പ്രിന്‍സിപ്പല്‍ ടൗണ്‍ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് കള്ളന്‍ കപ്പലില്‍ത്തന്നെയെന്ന സൂചന ലഭിച്ചത്. പൊലീസ് പരിശോധനയില്‍ ഗേറ്റ് ബോയ്സ് ഹോസ്റ്റലിനോട് ചേര്‍ന്നുള്ള ശുചിമുറിയുടെ മുകളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. ബിരുദ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. പ്രതിചേര്‍ത്ത മൂന്ന് വിദ്യാര്‍ഥികള്‍ ഒളിവിലാണ്. നാലുപേരും ഇടത് വിദ്യാര്‍ഥി യൂണിയനില്‍പ്പെട്ടവരാണ്. രാത്രി വൈകിയും കോളജിലേക്കുള്ള വരവും പോക്കും എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഗേറ്റ് പൊളിച്ചെടുത്തതെന്നാണ് മൊഴി. പുറത്ത് നിന്നുള്ള കൂടുതലാളുകള്‍ രാത്രിയില്‍ ക്യാംപസില്‍ ചെലവഴിക്കാറുണ്ടെന്ന പരാതിയും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
