
വേനൽ കനക്കുന്നു ;റബ്ബർ തളിരിലകൾ കരിഞ്ഞു വീഴുന്നു

നെന്മാറ റബ്ബറിന്റെ തളിരിലകൾ കരിഞ്ഞു വീഴുന്നു. ഡിസംബറിലെ തണുപ്പിനെ തുടർന്ന് സ്വാഭാവിക ഇലകൊഴിച്ചിൽ ആരംഭിച്ച ശേഷം പുതുതായി വന്ന തളിരിലകളാണ് വേനൽചൂടിൽ കരിഞ്ഞ് ചുരുണ്ട് താഴെ വീണു തുടങ്ങിയത്. കൽച്ചാടി, ചള്ള, ഓവുപാറ, ഒലിപ്പാറ, മാങ്കുറശ്ശി, പൈതലാ തുടങ്ങിയ പ്രദേശങ്ങളിലാണ് തളിരിലകൾ കരിഞ്ഞു വീഴുന്നത് കൂടുതലായി കാണുന്നത്. ഇല കൊഴിഞ്ഞതോടെ റബർ മരങ്ങളിൽ പാൽ ഉൽപാദനവും കുറഞ്ഞു. തളിരലകൾ മൂത്താൽ പൂർവസ്ഥിതിയിലേക്ക് പാൽ ഉൽപാദനം നടക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് തളിരിലകൾ കൊഴിഞ്ഞുവീഴാൻ തുടങ്ങിയത്.

അതോടൊപ്പം ശേഷിക്കുന്ന തളിരിലകളിൽ കോറിനോസ്പോറ എന്നറിയപ്പെടുന്ന പക്ഷി കണ്ണുരോഗവും വ്യാപിക്കുന്നുണ്ടെന്ന് കർഷകർ പരാതിപ്പെടുന്നു. കഴിഞ്ഞയാഴ്ച ന്യൂനമർദ്ദം മൂലം തെക്കൻ കേരളത്തിലും മറ്റും വേനൽ മഴ ലഭിച്ചെങ്കിലും നെല്ലിയാമ്പതി മംഗലംഡാം മേഖലകളിൽ മഴ ലഭിച്ചില്ല. ഇതോടെ അന്തരീക്ഷ ചൂട് കൂടിയത് റബർ മരങ്ങളിലെ തളിരിലകൾ കരിയുന്നതിനും കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നു. റബ്ബർ പാൽ ഉൽപാദനം വർദ്ധിച്ചില്ലെങ്കിൽ വിലയിടിവ് മൂലം റബ്ബർ വെട്ടുകൂലി പോലും ലഭിക്കില്ലെന്നും തോട്ടങ്ങൾ ഇക്കുറി നേരത്തെ ടാപ്പിംഗ് നിർത്തുമെന്നും കർഷകർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5