
കാട്ടുപന്നിക്കൂട്ടം വാഴത്തോട്ടം നശിപ്പിച്ചു; തുച്ഛമായ നഷ്ടപരിഹാരത്തിന് അപേക്ഷ കൊടുക്കാൻ തയ്യാറാവാതെ കർഷകർ.

നെന്മാറ അയിലൂർ കരിങ്കുളം കാരയ്ക്കൽ വീട്ടിൽ ജിബിൻ മത്തായിയുടെ തോട്ടത്തിലെ വാഴകളും കപ്പയുമാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നി കൂട്ടം തിന്നും കുത്തി മറിച്ചും നശിപ്പിച്ചത്. പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതിരിനു ചുറ്റും കമ്പിവേലി സ്ഥാപിച്ചിട്ടുടെങ്കിലും അത് തകർത്താണ് കാട്ടുപന്നി കൂട്ടം എത്തിയത്. കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും ഡി. എഫ്. ഒ. യുടെ പാനലിൽ ഉൾപ്പെട്ട വേട്ടക്കാർക്ക് കഴിഞ്ഞ ഒന്നാം വിളക്കാലത്ത് രാത്രിയിൽ വാഹനം ഓടിച്ചതിനും തോക്കിൽ ഉപയോഗിക്കുന്ന തോട്ടയുടെ വിലയും പഞ്ചായത്ത് നൽകാത്തതിനാൽ മേഖലയിലെ കാട്ടുപന്നി വെടിവെച്ചു കൊല്ലൽ ഫലപ്രദമായില്ല. കയറാടി, കരിങ്കുളം, ചക്രായി, പാളിയമംഗലം, തളിപ്പാടം, പോത്തുണ്ടി, കരിമ്പാറ, ഒലിപ്പാറ മേഖലകളിൽ സന്ധ്യ കഴിഞ്ഞാൽ കാട്ടുപന്നിയെ പേടിച്ച് ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും ഭീതിയോടെയാണ്. കഴിഞ്ഞ ദിവസം പകൽ സമയത്ത് പോത്തുണ്ടിയിൽ സ്കൂൾ അധ്യാപകനെ കാട്ടുപന്നി ആക്രമിച്ചതും, ഒലിപ്പാറയിൽ ഒരു വർഷം മുമ്പ് കർഷകനെ കാട്ടുപന്നി കുത്തി കൊലപ്പെടുത്തിയതും ഭീതിയോടെ കാണുന്നതിനാൽ വിള നാശം വരുത്തുന്ന കാട്ടുപന്നികളിൽ നിന്ന് വിള സംരക്ഷിക്കുന്നതിനായി കാവലിരിക്കാൻ കർഷകർ മടി കാണിക്കുന്നു. കാട്ടുപന്നിയുടെയും വന്യമൃഗങ്ങളുടെയും ശല്യം മൂലം മലയോരമേഖലകളിൽ കപ്പ വാഴ എന്നിവയുടെ കൃഷി പൂർണമായും നിലച്ചിരിക്കുകയാണ്. ഇതോടെ കാട്ടുപന്നികളുടെ വിളനാശം കൂടുതൽ ജനവാസ മേഖലകളിലേക്കായി മാറി. മേഖലകളിൽ കാട്ടുപന്നി ശല്യം കൂടിവരുന്നതിനാൽ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിന് വേണ്ടുന്ന നടപടികൾ ഉടൻ സ്വീകരിക്കണമെന്നും വനംവകുപ്പിന്റെ തുച്ഛമായ നഷ്ടപരിഹാരമായതിനാൽ ഒരു വർഷത്തെ അധ്വാനം നഷ്ടപ്പെട്ടിട്ടും പരാതി കൊടുക്കാൻ പോലും പ്രദേശത്തെ കർഷകർ തയ്യാറാവുന്നില്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
