
മദ്യക്കുപ്പിയിൽ കുപ്പിച്ചില്ല് ;ഉപഭോക്തൃ കോടതിയിൽ നഷ്ടപരിഹാരത്തിന് പരാതി
സംസ്ഥാന ബിവറെജസ് കോർപ്പറേഷൻ്റെ പന്നിയങ്കര പ്ലാഴി ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ ബിയർ ബോട്ടിലിൽ കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടക്കഞ്ചേരി സ്വദേശിയായ യുവാവിനാണ് ദുരനുഭവം ഉണ്ടായത്. ഫെബ്രുവരി 5 ന് ഞായറാഴ്ച സുഹൃത്തുക്കൾക്ക് പാർട്ടി കൊടുക്കാനായി എല്ലാവരെയും വിളിച്ചു വരുത്തി കുപ്പി പൊട്ടിക്കുന്ന നേരത്താണ് കിങ്ഫിഷർ സ്ട്രോം സൂപ്പർ പ്രീമിയം ബിയർ ബോട്ടിലിൽ എന്തോ ഉള്ളതായി കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ കുപ്പിച്ചില്ലാണെന്ന് മനസ്സിലായി. സാധാരണയായി കുപ്പി കടിച്ചു തുറന്ന് നേരിട്ട് വായിലേക്ക് ഒഴിച്ച് കുടിക്കുന്ന ശീലക്കാരനായ യുവാവ് അന്ന് ഭാഗ്യം കൊണ്ടാണ് കുടിക്കുന്നതിന് മുമ്പ് കുപ്പിയിൽ സൂക്ഷ്മ പരിശോധന നടത്തിയത്. ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ അന്ന് കുടിക്കുന്ന സമയം കുപ്പിച്ചില്ല് തൊണ്ടയിൽ കുടുങ്ങി മരണംവരെ സംഭവിക്കുമായിരുന്നു എന്ന് യുവാവ് പറഞ്ഞു. വിൽപ്പനയ്ക്ക് മുമ്പ് പല തരത്തിലുള്ള സുരക്ഷാപരീക്ഷകൾ കഴിഞ്ഞാണ് മദ്യം ഉപഭോക്താവിലേക്ക്എത്തുന്നത് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഈ സംഭവം ഒരു സുരക്ഷാപരിശോധനയും കൂടാതെയാണ് സർക്കാർ വിൽപന ശാലകളിൽ മദ്യം സൂക്ഷിക്കുന്നതും, വിൽക്കുന്നതും എന്ന് തെളിയിക്കുന്നു. ദുരനുഭവം നേരിട്ട യുവാവ് ദേശീയ തലത്തിൽ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്തിൻ്റെ പാലക്കാട് ഗ്രാഹക് സേവാ കേന്ദ്രത്തെ സമീപിക്കുകയും, ഗ്രാഹക് പഞ്ചായത്തിൻ്റെ സഹായത്തോടെ അഡ്വ രതീഷ് ഗോപാലൻ അഡ്വ ശ്രീരാജ് ആർ വള്ളിയോട് എന്നിവർ മുഖാന്തിരം പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ബിയറിൻ്റെ വിലയായ 140/- രൂപയ്ക്കും, അനുഭവിച്ച മാനസികക്ലേശത്തിനും, അസൗകര്യങ്ങൾക്കും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയ്ക്കും കേസ് ഫയൽ ചെയ്തു.
അനുദിനം സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന കേരള സംസ്ഥാനത്തിൻ്റെ നിലനിൽപ്പ് തന്നെ മദ്യത്തിൽ നിന്നുള്ള വരുമാനമായതിനാൽ മദ്യപരുടെ സുരക്ഷയും, താൽപര്യവും മുൻ നിർത്തി സർക്കാരിൻ്റെ മദ്യപരോടുള്ള അലംബാവത്തിനും, അവഗണനയ്ക്കും എതിരെ സാധ്യമായ എല്ലാ നിയമസേവനവും സൗജന്യമായി നൽകുമെന്ന് അഖിൽ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന ജോയിൻ്റ് കോർഡിനേറ്റർ അഡ്വ രതീഷ് ഗോപാലൻ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
