പന മുറിച്ചു മാറ്റുന്നതിനിടെ അപകടം മരവ്യാപാരി മരിച്ചു
കയറാടി, മാങ്കുറുശ്ശിയിൽ വീട്ടുവളപ്പിലെ തെങ്ങും കരിമ്പനയും മുറിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കരിമ്പാറ, ചേവിണി സ്വദേശിയായ യാക്കൂബ് (54) ആണ് അപകടത്തിൽപ്പെട്ട് മരിച്ചത്. സ്വന്തമായി യന്ത്രമുപയോഗിച്ച് മരം മുറിക്കലും കച്ചവടം നടത്തുകയും ചെയ്യുന്ന യാക്കൂബും സഹായികളും മാങ്കുറുശ്ശിയിൽ മൂന്നു തെങ്ങുകൾ വെട്ടി മാറ്റിയ ശേഷം 35 അടിയോളം പൊക്കമുള്ള കരിമ്പന വെട്ടി മാറ്റുന്നതിനിടെ പന മുറിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്ര വാൾ പനയിൽ ഇറുകിയതിനെ തുടർന്ന് പനയിൽ വലിച്ചുകെട്ടിയിരുന്ന കയർ വലിച്ചു പന മുറിക്കാൻ യാക്കോബും സഹായികളായ ബിനീഷും, പ്രതീഷും തീരുമാനിച്ചത്. പനയിൽ കെട്ടിയ കയർ ഉപയോഗിച്ച് പന വലിച്ചു വീഴ്ത്തുന്നതിനിടെ താഴെ കിടന്ന കയർ കാലിൽ കുരുങ്ങി പന വീണയുടൻ യാക്കൂബ് ഉയർന്നുപൊന്തി താഴെ നിലത്ത് കല്ലിൽ അടിച്ചു വീണാണ് മരണം സംഭവിച്ചത്. ഉച്ചയ്ക്ക് 11:30 ഓടെയായിരുന്നു അപകടം. മരിച്ച യാക്കൂബ് തന്നെയായിരുന്നു യന്ത്രവാൾ ഉപയോഗിച്ച് പന മുറിച്ചിരുന്നതും. സ്ഥലം ഉടമ സുശീലന്റെ വാഹനത്തിൽ ഉടൻ നെന്മാറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. നെന്മാറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പരേതരായ ഇസ്മയിൽ സാഹിബ് ഹാജറ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കൾ: യൂനസ്, നവാസ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GEDgvYlAVIF0bhzEUf7fOQ