
അഞ്ച് ഞായറാഴ്ചകളായി പുതുക്കോട് ആശുപത്രിയിൽ പരിശോധനയില്ല

വടക്കഞ്ചേരി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഞായറാഴ്ചകളിലും വൈകീട്ടുവരെ ഒ.പി. പ്രവർത്തിക്കണമെന്നാണ് നിയമമെങ്കിലും പുതുക്കോട് കുടുംബാരോഗ്യകേന്ദ്രം അടഞ്ഞുകിടക്കുന്നു. അഞ്ച് ഞായറാഴ്ചകളായി പുതുക്കോട് ആശുപത്രിയിൽ പരിശോധനയില്ല. ഡോക്ടറില്ലാത്തതാണ് കാരണം. മറ്റു ദിവസങ്ങളിലും വൈകീട്ടുവരെ പ്രവർത്തിക്കേണ്ട ഒ.പി. ഉച്ചയോടെ നിർത്തും. വൈകീട്ടുവരെ ഒ.പി. പരിശോധനയ്ക്കായി പഞ്ചായത്ത് കരാറടിസ്ഥാനത്തിൽ നിയമിച്ച ഡോക്ടറുടെ കാലാവധി ഫെബ്രുവരിയിൽ കഴിഞ്ഞു. പിന്നീട് കരാർ പുതുക്കുകയോ പുതിയ ഡോക്ടറെ നിയമിക്കുകയോ ചെയ്തില്ല.
ആശുപത്രിയിൽ പി.എസ്.സി. നിയമിച്ചിട്ടുള്ള രണ്ടു ഡോക്ടർമാരുണ്ടെങ്കിലും ഇവർ പ്രവൃത്തിദിവസങ്ങളിൽ ഉച്ചവരെ മാത്രമേ രോഗികളെ പരിശോധിക്കുകയുള്ളൂ. ഞായറാഴ്ച അവധിയിലുമായിരിക്കും. രണ്ട് ഡോക്ടർമാരിലാരെങ്കിലും പ്രവൃത്തിദിവസങ്ങളിൽ അവധിയെടുത്താൽ ഉച്ചവരെയുള്ള പരിശോധനയും താളം തെറ്റും.
ദിവസേന മുന്നൂറോളം പേർ ചികിത്സ തേടിയെത്താറുണ്ട്. ഡോക്ടറെ കൂടാതെ പഞ്ചായത്ത് താത്കാലികമായി നിയമിച്ചിട്ടുള്ള ഒരു നഴ്‌സ്, ഒരു ഫാർമസിസ്റ്റ് എന്നിവരുടെ കരാർ കാലാവധിയും കഴിഞ്ഞു. പഞ്ചായത്ത് നിയമിച്ച ഡോക്ടർക്കും നഴ്‌സിനും ഫാർമസിസ്റ്റിനും നാലുമാസത്തെ ശമ്പളവും കുടിശ്ശികയാണ്. പഞ്ചായത്തിന്റെ സാമ്പത്തികപ്രതിസന്ധി കാരണം ശമ്പളക്കുടിശ്ശിക കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, കരാർ പുതുക്കാനോ പുതിയ ആളുകളെ എടുക്കാനോ പഞ്ചായത്ത് മടിക്കുകയാണ്.
സർക്കാരിൽനിന്ന് ഫണ്ടു ലഭിക്കുന്ന മുറയ്ക്ക് ശമ്പളക്കുടിശ്ശിക നൽകുമെന്നും 30-ന് ചേരുന്ന ഭരണസമിതിയോഗത്തിൽ ഡോക്ടറെയും മറ്റു ജീവനക്കാരെയും നിയമിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നും പുതുക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന പറഞ്ഞു.പഞ്ചായത്ത് തുക വകമാറ്റി ചെലവഴിച്ചതാണ് സാമ്പത്തികപ്രതിസന്ധിക്കിടയാക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ലെന്ന് ഐ. ഹസീന പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6

