
മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍; രണ്ട് പേരെ വെറുതെ വിട്ടു ശിക്ഷ നാളെ വിധിക്കും
മണ്ണാർക്കാട് ആദിവാസി യുവാവ് മധുവിനെ മോഷണം ആരോപിച്ച് മർദിച്ചു കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാർ. കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ ശിക്ഷ നാളെ വിധിക്കും. പ്രതിപ്പട്ടികയിലുള്ള 16 പേരിൽ 4,11 പ്രതികളെ വെറുതെവിട്ടു.
സാക്ഷികളിൽ പലരും വിചാരണക്കിടെ കൂറുമാറിയ കേസിലാണ് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
നാലും 11-ഉം പ്രതികൾ ഒഴികെ മറ്റു പ്രതികളായ ഹുസൈൻ, മരയ്ക്കാർ, ഷംസുദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബൈജു, മുനീർ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൾ കരീം എന്നിവരെ കോടതി വെറുതെവിട്ടു. മധുവിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന കുറ്റമാണ് നാലാം പ്രതി അനീഷിനെതിരെ ചുമത്തിയിരുന്നത്. 11-ാം പ്രതി അബ്ദുൾ കരീമിനെതിരെ ചുമത്തിയിരുന്നത് മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന കുറ്റമാണ്.
നീതി തേടിയുള്ള മധുവിന്റെ കുടുംബത്തിന്റെ അലച്ചിലും കാത്തിരിപ്പിനുമൊടുവിലാണ് കോടതിയുടെ വിധി വരുന്നത്.
2018 ഏപ്രിൽ 22-നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്. അഞ്ചുവർഷത്തിനുശേഷമാണ് കേസിൽ വിധി വന്നത്.
കാട്ടിലെ ഗുഹയിൽനിന്ന് ഒരുകൂട്ടം ആളുകൾ മധുവിനെ പിടികൂടി മുക്കാലിയിൽ കൊണ്ടുവന്ന് ആൾക്കൂട്ട വിചാരണ നടത്തി മർദിച്ചെന്നും തുടർന്ന്, കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷൻ കേസ്. 2022 ഏപ്രിൽ 28-ന് വിചാരണ തുടങ്ങിയതുമുതൽ നടന്ന സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം വിവാദമായിരുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് കേസിന്റെ വിചാരണനടപടി പൂർത്തിയാക്കിയത്


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6

