സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ തൊഴില്‍ദിന പദ്ധതിയില്‍ അംഗമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

Share this News

സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ തൊഴില്‍ദിന പദ്ധതിയില്‍ അംഗമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരെയും തൊഴില്‍ദിന പദ്ധതിയില്‍ അംഗമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായി മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആരംഭിച്ച പള്ളിക്കുറുപ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാലിത്തീറ്റ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയില്‍ എവിടെ നിന്നും കേരളത്തില്‍ എത്തിക്കുന്നതിനായി കിസാന്‍ റെയില്‍ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമം തുടങ്ങി. ഇതിനുള്ള അപേക്ഷ ദേശീയ ക്ഷീര ബോര്‍ഡ് വഴി നല്‍കാനാണ് തീരുമാനം. ഇതോടെ കാലിത്തീറ്റ കുറഞ്ഞ വിലയ്ക്ക് കേരളത്തില്‍ ഉത്പാദിപ്പിക്കാനാവും.
സംസ്ഥാനത്തെ 156 ബ്ലോക്ക് പരിധികളിലും ഏത് സമയത്തും മൃഗഡോക്ടറുടെ സേവനം ഉറപ്പുവരുത്താന്‍ വാഹനങ്ങള്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 29 ബ്ലോക്കുകളില്‍ പദ്ധതി ആരംഭിച്ചു. 1962 എന്ന നമ്പറില്‍ വിളിച്ച് ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്റെ സഹായം തേടാം. വാഹനത്തില്‍ ഓപ്പറേഷന്‍ നടത്തുന്നതിനുള്ള സജ്ജീകരണം ഉള്‍പ്പെടെ തയ്യാറാക്കിയിട്ടുണ്ട്. മികച്ചയിനം പശുക്കളെ കേരളത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിര്‍ത്തിക്ക് അപ്പുറത്തുനിന്നും കേരളത്തില്‍ എത്തിക്കുന്ന പശുക്കള്‍ക്ക് രോഗമില്ല എന്ന് ഉറപ്പാക്കാന്‍ ക്വാറന്റൈന്‍ നടപടികള്‍ ശക്തമാക്കും. കന്നുക്കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ ഏല്‍പ്പിക്കുന്ന ഗോ ഗ്രാമം പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കും. ഇതിലൂടെ മികച്ചയിനം പശുക്കളെ സംസ്ഥാനത്ത് ലഭ്യമാവും. ക്ഷീരകര്‍ഷകര്‍ക്ക് മികച്ച പശുക്കളെ അവിടെനിന്ന് വാങ്ങാം.
ക്ഷീര സംഘങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ മുന്നോട്ട് വരണം. ക്ഷീരമേഖലയില്‍ ഗുജറാത്തിലെ ആനന്ദും അമൂലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും അനുയോജ്യമായതാണ്. അവ ഇവിടെയും പ്രാവര്‍ത്തികമാക്കണം. ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കും, കുറഞ്ഞ വിലയ്ക്ക് തീറ്റ ലഭ്യമാക്കും എന്നിവയാണ് സര്‍ക്കാര്‍ നയം. കുട്ടികളെ മയക്കുമരുന്നില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിന് സ്‌കൂളുകളില്‍ മില്‍മ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. പള്ളിക്കുറുപ്പ് സുകുപ്പടിയില്‍ നടന്ന പരിപാടിയില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കാരക്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത, ജില്ലാ പഞ്ചായത്ത് അംഗം പി. മൊയ്തീന്‍കുട്ടി, പള്ളിക്കുറുപ്പ് ക്ഷീരോത്പാദക സഹകരണ സംഘം ചീഫ് പ്രമോട്ടര്‍ കെ.വി.സി മേനോന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LQxXTIdHqXp9r2d8x79L74


Share this News
error: Content is protected !!