മലയോര റബ്ബർ തോട്ട മേഖലകളിൽ കോട്ടെരുമ( മുപ്ലി വണ്ട്) ശല്യം രൂക്ഷം.

Share this News

മലയോര റബ്ബർ തോട്ട മേഖലകളിൽ കോട്ടെരുമ( മുപ്ലി വണ്ട്) ശല്യം രൂക്ഷം.

മലയോര റബ്ബർ തോട്ട മേഖലകളിൽ കോട്ടെരുമ എന്ന പേരിൽ അറിയപ്പെടുന്ന മുപ്ലി വണ്ട് വ്യാപക ശല്യമായി മാറുന്നു. രാത്രി വീടിന് പുറത്ത് കത്തിക്കുന്ന ബൾബുകൾ കേന്ദ്രീകരിച്ച് എത്തുന്ന കോട്ടെരുമകൾ കൂട്ടമായി ലൈറ്റുകൾക്ക് ചുറ്റും, വീടിനകത്ത് അരിച്ചുകയറിയും, വീടിനകത്ത് വെളിച്ചം കാണുന്ന പ്രദേശങ്ങളിലെല്ലാം പറന്നുവന്ന് വീട്ടുപകരണങ്ങളിലും വസ്ത്രങ്ങളിലും വരെ പറ്റിപ്പിടിച്ചിരുന്ന് ശല്യക്കാരായി മാറുന്നു. വേനൽ കാലമായതിനാൽ ചൂട് കുറയ്ക്കുന്നതിന് വീടുകളിലെ ജനലുകളോ വാതിലോ പോലും തുറന്നിടാൻ കഴിയാത്ത അവസ്ഥയും പുറത്ത് ഉണങ്ങാൻ ഇടുന്ന വസ്ത്രങ്ങളിലും. ഓടിട്ട വീടുകളുടെ കഴുക്കോൽ പട്ടിക തുടങ്ങി ഓടിന് അടിയിലും കൂട്ടമായി പറ്റിപ്പിടിച്ച് കിടക്കുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തിൽ വീണാൽ ചെറിയതോതിലുള്ള ആസിഡ് ഉത്പാദിപ്പിച്ച് പൊള്ളലും ഉണ്ടാക്കുന്നു. ചെറിയ അളവിൽ ദുർഗന്ധവും ഉണ്ടാക്കുന്നു. ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ ഇവ ദുർഗന്ധവും പൊള്ളലും ഉണ്ടാക്കുന്നതിനാൽ കോഴികളോ മറ്റു പക്ഷികളോ, പല്ലികളോ, ഭക്ഷണമാക്കാത്തത് ഇവയുടെ വംശവർദ്ധനവിന് അനുകൂലഘടകമായി മാറുന്നു. വേനൽ മഴ കുറഞ്ഞതും റബ്ബറിന്റെ കരിയിലകൾ ദ്രവിച്ചു തുടങ്ങാൻ വൈകിയതും ഇവയുടെ വംശവർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. വീടുകൾക്ക് സമീപത്തായി നിർമ്മിച്ചിരിക്കുന്ന വിറകുപുരകളും ഇവയുടെ കേന്ദ്രമായി മാറുന്നതായി വീട്ടമ്മമാരും പരാതി പറയുന്നു. ഭക്ഷണപദാർത്ഥങ്ങളിലും കുടിവെള്ളം തുടങ്ങി എല്ലായിടത്തും കൂട്ടത്തോടെ ഇവ എത്തുന്നു. ഒരു സെന്റീമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള കട്ടിയുള്ള പുറന്തോടുള്ള ഈ വണ്ടുകൾ പകൽ വെളിച്ചത്തിൽ കരിയിലകൾക്ക് അടിയിലും ചൂടേൽക്കാത്ത വീടിന്റെ ഭാഗങ്ങളിലും ജനൽ വാതിൽ എന്നിവയുടെ വിടവുകളിലും കഴിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. റബ്ബർ തോട്ടങ്ങളിലെ കൊഴിഞ്ഞുവീണ റബ്ബർ ഇലകൾക്കടിയിലാണ് ഇവ വംശവർദ്ധന നടത്തുന്നത്. കട്ടിയുള്ള പുറം തോടും ഉള്ളതിനാൽ കീടനാശിനി പ്രയോഗവും ഫലപ്രദമാകുന്നില്ല. രാത്രികാലങ്ങളിൽ വീടിനു പരിസരത്ത് തീ കത്തിച്ച് ഇവയെ ആകർഷിച്ച് തീയിൽ അടിച്ചുകൂട്ടി കത്തിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. കോട്ടെരുമകൾ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളിൽ മണ്ണെണ്ണ തളിച്ച് കൊല്ലാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടിൻപുറങ്ങളിലും വനമേഖലയിലും സ്വാഭാവികമായി ചെറിയ തോതിൽ മാത്രം കാണാറുള്ള കോട്ടെരുമ ഇപ്പോൾ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് അമിതമായിപെരുകുന്നത്. തൃശ്ശൂർ ജില്ലയിലെ മുപ്ലി മേഖലയിൽ അമിതമായി കണ്ടു തുടങ്ങിയതോടെയാണ് മുപ്ലി വണ്ട് എന്ന പേര് വന്നതെന്ന് പറയുന്നു. കൽച്ചാടി, ചള്ള, മരുതഞ്ചേരി, ഒലിപ്പാറ, മംഗലം ഡാം, കാന്തളം, നിരങ്ങംപാറ, കിഴക്കഞ്ചേരി . പാലകുഴി തുടങ്ങി റബ്ബർ കൃഷിയുള്ള മേഖലകളിലെല്ലാം വേനൽ ആയതോടെ കോട്ടെരുമകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!