
നെല്ലിയാമ്പതിയിൽ വീട് നിർമ്മാണത്തിന് തടസ്സം; വനം ഓഫീസിൽ ധർണ നടത്തി

വീട് അറ്റകുറ്റപ്പണികള്‍ക്കായി നെല്ലിയാമ്പതിയിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധം. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരാണ് വനം വകുപ്പിന്റെ നെന്മാറയിൽ ഉള്ള നെല്ലിയാമ്പതി റേഞ്ച് ഓഫീസില്‍ പ്രതിഷേധ സമരവുമായി എത്തിയത്. ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾ പ്രകാരം വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ധനസഹായം ലഭിച്ച ഗുണഭോക്താക്കളാണ് പോത്തുണ്ടി വനം വകുപ്പ് ചെക്ക് പോസ്റ്റ് വഴി നിര്‍മ്മാണ സാമഗ്രികള്‍ നെല്ലിയാമ്പതിയിലേക്ക് കൊണ്ടുപോകുന്നതിന് വനം വകുപ്പിന്റെ അനുമതിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നല്‍കി രണ്ടാഴ്ച്ച പിന്നിട്ടിട്ടും വനം വകുപ്പ് അനുമതി നൽകിയില്ല. 23 പേര്‍ക്കാണ് ഗ്രാമപഞ്ചായത്ത് വീട് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഒരു ലക്ഷം രൂപവീതം ധനസഹായം നല്‍കിയിട്ടുള്ളത്. ഇതിന്റെ ആദ്യ ഗഡുവായി 50,000 രൂപ നല്‍കിയവരാണ് മഴക്കാലത്തിനു മുമ്പ് പണി പൂര്‍ത്തികരിക്കുന്നതിനായി നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് അനുമതിയ്ക്ക് അപേക്ഷ നല്‍കിയത്.
അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച കാലത്ത് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.സഹനാഥന്റെ നേതൃത്വത്തില്‍ ഗുണഭോക്താക്കൾ നെന്മാറയിലെത്തി വനം റേഞ്ച് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. സമരത്തെ തുടര്‍ന്ന് പരിശോധന നടത്തി അടുത്തു തന്നെ അനുമതി നല്‍കാമെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
നെല്ലിയാമ്പതിയിൽ സ്വകാര്യ ഭൂമിയില്ലെന്നും വനം വകുപ്പിന്റെ പാട്ട ഭൂമിയാണെന്നും വനംവകുപ്പിന്റെ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ആയതിനാൽ നിർമാണ സാമഗ്രികളായ സിമന്റ്, ഇഷ്ടിക, കല്ല്, തുടങ്ങിയ സാമഗ്രികൾ കൊണ്ടുപോകുന്നതിന് പോത്തുണ്ടി ചെക്ക്പോസ്റ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആയതിനാൽ നെല്ലിയാമ്പതിയിലെ വിവിധ തോട്ടങ്ങളിലെ പാടികളുടെയും. കെട്ടിടങ്ങളുടെയും നവീകരണത്തിനും പുനർനിർമ്മാണത്തിനും കഴിഞ്ഞിരുന്നില്ല. വനം വകുപ്പ് അനുമതി നൽകാത്തതിനാൽ തൊഴിലാളികളും പട്ടയ ലഭിച്ച ഭൂമിയിൽ സ്വന്തം കെട്ടിടം പണിയുന്നതിനും വനം വകുപ്പ് തടസ്സം നിന്നിരുന്നു. നേരത്തെ പുല്ലുകാട് കോളനിയിൽ വൈദ്യുതി ലൈൻ വലിക്കുന്നതിനും വനംവകുപ്പ് തടസ്സം നിന്നിരുന്നു. നെല്ലിയാമ്പതിയിലെ വികസന പ്രവർത്തനങ്ങൾക്ക് വനംവകുപ്പിന്റെ തടസ്സം നിൽക്കുന്നതായി വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നേരത്തെ പരാതി ഉന്നയിച്ചിരുന്നതാണ്. ഇതിൽ പരിഹാരം കാണാത്തതിനാലാണ് പ്രദേശവാസികൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്. എന്നാൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനം നിർലോഭം നടത്തുന്നുണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KsatOTHwzW15GiOqEhrUnV

