ടേക്ക് എ ബ്രേക്ക് , ശുചിത്വത്തിൻ്റെ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്ക്; മന്ത്രി എം.ബി. രാജേഷ്

Share this News

ടേക്ക് എ ബ്രേക്ക് , ശുചിത്വത്തിൻ്റെ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്ക്; മന്ത്രി എം.ബി. രാജേഷ്

ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സർക്കാരിന്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെർപ്പുളശ്ശേരി നഗരസഭയിലെ അയ്യപ്പൻകാവ് പരിസരത്തെ വഴിയിടം ടേക്ക് എ ബ്രേക്ക് കേന്ദ്രം നാടിന് സമർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യക്തി ശുചിത്വവും വീടുകളിലെ ശുചിത്വവും ഉറപ്പുവരുത്തുന്ന മലയാളി പൊതു ശുചിത്വം ഉറപ്പുവരുത്തുന്നില്ല. ഇത് മാറ്റിയേ തീരൂ. മാലിന്യനിർമാർജനം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്ക്കരണത്തിന് സംവിധാനങ്ങൾ ഉണ്ടെന്ന് ത്രിതല പഞ്ചായത്തുകൾ ഉറപ്പുവരുത്തണം. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ടെന്നും അവർക്ക് മാസംതോറുമുള്ള ഫീസ് നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തണം. പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപത്തിന് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. 2024 മെയ് മാസത്തിനകം സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കും. നഗരസഭകളും തദ്ദേശസ്ഥാപനങ്ങളും വഴിയോര മാലിന്യം മാതൃകാപരമായി ശുചീകരിച്ച സുൽത്താൻ ബത്തേരി മാതൃക പിൻതുടരണം.

വഴിയോരത്ത് മാലിന്യ നിക്ഷേപം തടയുന്നതിന് ബോധവത്ക്കരണം നടത്തണം. മാലിന്യം നിക്ഷേപിക്കുന്നതിന് ആവശ്യമായ വേസ്റ്റ് ബിന്നുകൾ ഒരുക്കണമെന്നും ഇതിന് വ്യാപാരികളുടെ പിന്തുണ തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1842 ശുചിമുറി സംവിധാനങ്ങളാണ് ഘട്ടം ഘട്ടമായി നിർമ്മിക്കുന്നതിന് പദ്ധതി ഇട്ടത്. 1711 പദ്ധതികളിലൂടെ തദ്ദേശസ്ഥാപനങ്ങൾ ഇത് ഏറ്റെടുത്തു. ഇങ്ങനെ നേരത്തെ 942 ശുചിമുറികൾ പൂർത്തീകരിച്ചു. അടുത്തഘട്ടമായാണ് 300 കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടന്നത്.

ചെർപ്പുളശ്ശേരി അയ്യപ്പൻ കാവ് മൈതാനത്ത് മലബാർ ദേവസ്വം ബോർഡ് വിട്ടുനൽകിയ സ്ഥലത്താണ് പുതിയ ടേക്ക് എ ബ്രേക്ക് കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ. മുരളി മുഖ്യാതിഥിയായി. നഗരസഭ അംഗങ്ങളായ സഫ്ന പാറക്കൽ, പി. വിഷ്ണു, വി.പി. സജീവ്, മിനി, കെ.ടി പ്രമീള, വി.ടി. സാദിഖ് ഹുസൈൻ, ഇസഹാക്ക്, സൗമ്യ, മൊയ്തീൻകുട്ടി, അബ്ദുൽ ഗഫൂർ, ചെർപ്പുളശ്ശേരി നഗരസഭ അസിസ്റ്റന്റ് എൻജിനീയർ വി. ഹരികൃഷ്ണൻ, സി.ഡി.എസ്. ചെയർപേഴ്സൺ പി. പ്രിയ, നഗരസഭാ സെക്രട്ടറി വി.ടി. പ്രിയ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KsatOTHwzW15GiOqEhrUnV


Share this News
error: Content is protected !!