
ഭാഗ്യക്കുറിയിലെപുതിയ ചതിക്കുഴി
✍️ റിപ്പോർട്ട്: ബെന്നി വർഗിസ്

വൻകിടകച്ചവടക്കാരും വിതരണക്കാരും ചേർന്ന് ലോട്ടറിവില്പനയിൽ പുതിയ ഭാഗ്യപരീക്ഷണത്തിലൂടെ ഭാഗ്യാന്വേഷികളെ ചതിക്കുന്നു. അവസാന നാലക്കത്തിന് ലഭിക്കുന്ന സമ്മാനം ഒന്നാകെ തട്ടിയെടുക്കുന്ന ‘നാലക്ക സെയിം നമ്പർ സെറ്റ് ലോട്ടറി’ ചൂതാട്ടം വ്യാപകം. ഇതു സംബന്ധിച്ച പരാതി ജില്ലാ ലോട്ടറി ഓഫീസുകളിൽ ലഭിക്കുന്നുണ്ടെന്ന് അധികാരികൾ പറഞ്ഞു. ജില്ലാതലത്തിൽ ജില്ലാ ലോട്ടറി ഓഫീസർ, എ.ഡി.എം., ഡിവൈ.എസ്.പി. എന്നിവർ അംഗങ്ങളായ നിരീക്ഷണസമിതി മാസംതോറും യോഗം ചേർന്ന് പരാതികൾ പരിശോധിക്കാറുണ്ട്. ലോട്ടറിവകുപ്പും പോലീസും കടകളിൽ പരിശോധന നടത്താറുണ്ടെന്നും അധികാരികൾ പറഞ്ഞു. ഇതൊരു ക്രമിനൽ കുറ്റമല്ലാത്തതിനാൽ കുറ്റക്കാർ കർശന നിയമനടപടിക്ക് വിധേയരാകുന്നില്ല. മൂന്നുവർഷംമുമ്പ് ഇത്തരം ലോട്ടറിവില്പന കണ്ടെത്തിയ ആറു ലോട്ടറി ഏജന്റുമാരുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. അടുത്ത കാലത്തായി പരാതി കൂടിയെങ്കിലും നടപടിയുണ്ടാകാറില്ല. എഴുത്തുലോട്ടറി, ഓൺലൈൻ ലോട്ടറി കച്ചവടം എന്നിവ സംബന്ധിച്ചും പരാതിയുണ്ട്. ഞായറാഴ്ചമുതൽ ശനിയാഴ്ചവരെ ദിവസവും നറുക്കെടുക്കുന്ന ലോട്ടറികൾ 12 സീരിയലായാണ് ഇറക്കുന്നത്. ഒരു കോടി രൂപയിൽ കുറയാത്ത ഒന്നാംസമ്മാനമുള്ള ടിക്കറ്റാണ് അച്ചടിച്ച് വില്പനക്കെത്തിക്കുന്നത്. 12 സീരിയലിലെ നാലക്ക സെയിം നമ്പർ ലോട്ടറിയുപയോഗിച്ച് 100 ടിക്കറ്റിന്റെ ഒരു സെറ്റ് ഉണ്ടാക്കാനാകും. 40 രൂപയുടെ ടിക്കറ്റാണെങ്കിൽ 4,000 രൂപ ഇതിന് വിലവരും. അവസാന നാലക്കത്തിന് 100 മുതൽ 5,000 വരെ രൂപയാണ് സമ്മാനം. ലോട്ടറിയടിച്ചാൽ സെയിം നമ്പർ സെറ്റ് എടുത്തയാൾക്ക് 10,000 മുതൽ അഞ്ചുലക്ഷം വരെ രൂപ സമ്മാനം കിട്ടാനുള്ള സാധ്യതയുണ്ട്. ഈ സാധ്യതയുപയോഗിച്ചാണ് ലോട്ടറിയെടുക്കാൻ പ്രലോഭിപ്പിക്കുന്നത്. ഇങ്ങനെ പണം ഉണ്ടാക്കുന്നവരും പണം പോകുന്നവരും ഏറെയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY
