മണ്‍സൂണ്‍ മുന്നൊരുക്കം ;വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര

Share this News

മണ്‍സൂണ്‍ മുന്നൊരുക്കം ;വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര

മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. കാലവര്‍ഷവുമായി ബന്ധപ്പെട്ട ദുരന്ത സാധ്യതകള്‍ കുറക്കുന്നതിനായി വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതിനും ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വളരെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റാനും സ്‌കൂളുകളില്‍ അപകടകരമായ മരച്ചില്ലകള്‍ ഉണ്ടെങ്കില്‍ നടപടിക്രമത്തിന് കാത്തുനില്‍ക്കാതെ പെട്ടെന്ന് മുറിച്ചുമാറ്റാനുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട എ.ഇമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കലക്ടര്‍ നഗരസഭ സെക്രട്ടറിമാരോട് നിര്‍ദേശിച്ചു. തുറന്നുകിടക്കുന്ന ഓടകളും അഴുക്കുചാലുകളും അടക്കാന്‍ നടപടികള്‍ സ്വീകരിക്കണം. നെല്ലിയാമ്പതിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കി ഏറ്റവും അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പ് കണ്ടെത്തി അത്യാവശ്യം വന്നാല്‍ പെട്ടെന്ന് മാറ്റി പാര്‍പ്പിക്കുന്നതിനും വെള്ളം, വൈദ്യുതി, റേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും നെന്മാറ ഫോറസ്റ്റ് ഡിവിഷനും തഹസില്‍ദാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

വനഭൂമിയില്‍ ക്യാമ്പ് ഒരുക്കേണ്ട സാഹചര്യമുണ്ടായാല്‍ വനം വകുപ്പ് ക്യാമ്പ് കണ്ടെത്തി ആളുകളെ മാറ്റി പാര്‍പ്പിക്കണമെന്ന് എ.ഡി.എം കെ. മണികണ്ഠന്‍ നിര്‍ദേശിച്ചു. പുഴയില്‍ വെള്ളം കയറുന്ന സാഹചര്യത്തില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ബോധവത്ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എ.ഡി.എം നിര്‍ദേശം നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. രണ്ട് ദിവസം തുടര്‍ച്ചയായി മഴയുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ മഴ മാറുന്നതുവരെ ഖനനം നിര്‍ത്തിവയ്ക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് ഉത്തരവ് നല്‍കാം. സ്‌കൂള്‍, അങ്കണവാടി കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം. വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകളും യോഗത്തില്‍ നിര്‍ദേശിച്ചു. ആര്‍.ഡി.ഒ ഡി. അമൃതവല്ലി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!