കർഷക സംരക്ഷണ സമിതി നിവേദനം നൽകി.
വടക്കഞ്ചരി : ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ട കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ അതീവ പരിസ്ഥിതി ലോല പ്രദേശം (ഇഎസ്എ) ആയി പ്രഖ്യാപിക്കരുതെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി മേഖലാ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കെ.ഡി.പ്രസേനൻ എംഎൽഎ ക്ക് നിവേദനം നൽകി. മേഖലാ ജന.സെക്രട്ടറി ജിജോ അറയ്ക്കൽ, ജില്ലാ ജന.സെക്രട്ടറി ജോസ് വടക്കേക്കര, ട്രഷറർ ടോമി ഈരോരിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
കേരളത്തിലെ 123 ഇഎസ്എ വില്ലേജുകളിൽ 31 വില്ലേജുകളെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കിയപ്പോൾ ജില്ലയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ ഒഴിവാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ഇത് പരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വനാതിർത്തിക്ക് പുറത്ത് കൃഷി ചെയ്യാനുള്ള കർഷകരുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ നടപടി എടുക്കണമെന്നും പീച്ചി–വാഴാനി വന്യമൃഗ സങ്കേതത്തിന് ചുറ്റും വരാൻ പോകുന്ന ഇക്കോ സെൻസിറ്റീവ് സോൺ വനാതിർത്തിയിൽ നിലനിർത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു. പ്രശ്നം അടുത്ത സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്നും കർഷക ജനതയുടെ അവകാശങ്ങൾ ഹനിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ലെന്നും എം എൽ എ പറഞ്ഞു.