ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ച ഗാലറി, സ്റ്റേജ്, ഗേറ്റ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു

Share this News

ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ച ഗാലറി, സ്റ്റേജ്, ഗേറ്റ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു


വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളുടെയും വികസനത്തിനും പുരോഗതിക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും സാധ്യമായതെല്ലാം ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ച ഗാലറി, സ്റ്റേജ്, ഗേറ്റ് എന്നിവയുടെ ഉദ്ഘാടനം ചാലിശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃത്താല അസംബ്ലി മണ്ഡലത്തിലെ സ്‌കൂളുകള്‍ക്കായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 42.5 കോടി രൂപയാണ് കിഫ്ബി വഴിയും പ്ലാന്‍ ഫണ്ട് വഴിയും
ലഭിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ 2021-22 വര്‍ഷത്തെ തനത് ഫണ്ടില്‍ നിന്നും 74 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. നിരന്തരമായുള്ള ഇടപെടലിന്റെ ഫലമായാണ് ഫണ്ട് ലഭിച്ചത്. ജനുവരി പകുതിയോടെ നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണോദ്ഘാടനം നടത്തി എട്ട് മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.



2022-23 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.20 കോടി രൂപയാണ് ചാലിശ്ശേരി ജി.എല്‍.പി.എസിന് ലഭിച്ചത്. ഒരു എല്‍.പി സ്‌കൂളിന് കോടി തുക ലഭിക്കുക എന്നത് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃത്താലയുടെ കായിക ഭൂപടത്തില്‍ പ്രധാനപ്പെട്ട സ്ഥലമാണ് ചാലിശ്ശേരി. ധാരാളം കുട്ടികള്‍ ഈ മൈതാനത്ത് നിന്ന് കളിച്ചുവളര്‍ന്നിട്ടുണ്ട്. ഇനിയും കളിച്ചു വളരാന്‍ ഉള്ളതാണ്. അതിനായി ചാലിശ്ശേരി പോലൊരു പ്രദേശത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും എല്ലാ പിന്തുണയുമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.

40 വര്‍ഷത്തെ ആവശ്യമായ സുശീലപ്പടി റെയില്‍വേ മേല്‍പ്പാലത്തിന്റെ തടസങ്ങള്‍ നീങ്ങി കഴിഞ്ഞ ദിവസം റെയില്‍വേ ഭരണാനുമതി ലഭിച്ചിരുന്നു. ഭാരതപ്പുഴക്ക് കുറുകെയുള്ള കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് കിഫ്ബിയില്‍ നിന്ന് 105 കോടി രൂപ അനുവദിച്ചതാണ്. അതിവേഗത്തിലാണ് അതിന്റെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പരിപാടിയില്‍ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, പ്രധാനധ്യാപിക ടി.എസ് ദേവിക, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fol3oLDp5EWEojcOdychnW

Share this News
error: Content is protected !!