പട്ടിക്കാട്. പെൺകുട്ടികളുടെ വിവാഹത്തിനായുള്ള മംഗല്യനിധി പദ്ധതിയുടെ പേരിൽ പട്ടിക്കാട് ബസാർ റോഡിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്ക് നിക്ഷേപകരെ പറ്റിച്ചതായി ആരോപണം. 1996ൽ പട്ടിക്കാട് സ്വദേശികളായിരുന്ന ബിന്ദു ബാബുവും സഹോദരി ബീലാ പീറ്ററും പാണഞ്ചേരി സഹകരണ ബാങ്കിൽ 10,000 രൂപയാണ് നിക്ഷേപിച്ചത്. ഇരുപത് വർഷം കഴിഞ്ഞ് രണ്ടര ലക്ഷം രൂപ വീതം തിരികെലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ബെംഗളൂരുവിലേക്ക് താമസം മാറിയ ബിന്ദു അഞ്ച് വർഷങ്ങൾക്ക് മുമ്പ് മകളുടെ വിവാഹത്തിനായി തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. പരമാവധി അമ്പതിനായിരം രൂപയിലധികം നൽകാനാവില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി. മംഗല്യനിധി പദ്ധതിക്ക് ഡയറക്ടർ ബോർഡിന്റെയും സർക്കാരിന്റെയും അനുമതി ലഭിച്ചിട്ടില്ലെന്നും ഇക്കാരണത്താൽ റദ്ദാക്കിയെന്നുമായിരുന്നു വിശദീകരണം.
ഓബുഡ്‌സ്മാന് പരാതി നൽകിയതോടെ കൂട്ടുപലിശയടക്കം മൂന്നര ലക്ഷം രൂപ രണ്ട് മാസത്തിനകം തിരികെ നൽകണമെന്ന് 2018ൽ ഉത്തരവുണ്ടായി. എന്നാൽ വർഷങ്ങൾ പിന്നിട്ടും ഒരു രൂപ പോലും ലഭിച്ചിട്ടില്ല. അനുമതിയില്ലാത്ത പദ്ധതിക്കായി നിരവധി പേരിൽ നിന്ന് പതിനായിരങ്ങൾ വാങ്ങി നിക്ഷേപിച്ചതെന്തിനെന്നതും വ്യക്തമല്ല. തങ്ങളുടെ പണം തിരിച്ചുകിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പട്ടിക്കാട് സ്വദേശികൾ.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്