പരിക്കേറ്റ മലമുഴക്കിവേഴാമ്പൽ കുഞ്ഞിനെ ചികിത്സയ്ക്കുശേഷം സ്വതന്ത്രനാക്കി

Share this News

പരിക്കേറ്റ മലമുഴക്കിവേഴാമ്പൽ കുഞ്ഞിനെ ചികിത്സയ്ക്കുശേഷം സ്വതന്ത്രനാക്കി.
നെന്മാറ : നെല്ലിയാമ്പതി: മലനിരകളിൽ പറക്കുന്നതിനിടെ വീണ് നെഞ്ചിനും ചിറകിനു പരിക്കേറ്റ മലമുഴക്കിവേഴാമ്പൽ കുഞ്ഞിന് ഒരു മാസത്തിലേറെ നീണ്ട ചികിത്സയ്ക്കു ശേഷം നെല്ലിയാമ്പതി വനത്തിലെ പറമ്പിക്കുളത്തിനോട് ചേർന്ന തുത്തമ്പാറ വനമേഖലയിൽ തുറന്നുവിട്ടു.
പറക്കലിനിടെ മുറിവേറ്റതാക്കാം എന്നു കരുതുന്ന മലമുഴക്കിവേഴാമ്പൽ കുഞ്ഞിനെ ചികിത്സയ്ക്കുശേഷം രക്ഷപ്പെടുത്തി വനത്തിലേക്കു തുറന്നുവിടുന്ന സംഭവം സംസ്ഥാനത്തുതന്നെ അപൂർവമായിരിക്കുമെന്നു ചികിത്സയ്ക്ക് നേതൃത്വം നൽകിയ തൃശ്ശൂർ ഫോറസ്റ്റ് ഡിവിഷനിലെ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് അബ്രഹാം പറഞ്ഞു. കഴിഞ്ഞദിവസം വനപാലകസംഘത്തിലെ അംഗങ്ങളോടൊപ്പം ഡോക്ടറുമടങ്ങിയ സംഘമാണ് പെൺ വേഴാമ്പൽ കുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിടുന്നത്. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിനെ അതീവ ശ്രദ്ധയോടെയുള്ള പരിചരണമാണ് നൽകിയത്
നെല്ലിയാമ്പതി റേഞ്ച് ഓഫീസർ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂലായ് 16-ന് നെല്ലിയാമ്പതി ഫോറസ്റ്റ് റോഡിൽ പരിക്കേറ്റ നിലയിൽ നാല് മാസത്തോളം പ്രായമുള്ള പെൺവേഴാമ്പൽ കുഞ്ഞിനെ കണ്ടെത്തിയത്. സംരക്ഷണം ഏറെ ആവശ്യമുള്ള ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന വേഴാമ്പൽ കുഞ്ഞിനെ വനപാലകർ തൃശ്ശൂർ വടക്കാഞ്ചേരി അകമലയ്ക്ക് അടുത്തുള്ള വനചികിത്സാ കേന്ദ്രത്തിലെത്തിച്ചായിരുന്നു ചികിത്സയും പരിപാലനവും. വേഴാമ്പൽ കുഞ്ഞിന് ഡോ. ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആവശ്യമായ ചികിത്സകൾ നൽകിയത്. ആരോഗ്യം വീണ്ടെടുത്ത പക്ഷിക്കുഞ്ഞിന് പറക്കാനാവുമെന്ന് കണ്ടെത്തിയതോടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനത്തിലേക്ക് തുറന്നുവിടാൻ (സോഫ്റ്റ് റിലീസ്) അനുമതി നൽകിയത്.
വലിയ കൂട്ടിൽ ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം നെല്ലിയാമ്പതിയിലെ കാലാവസ്ഥയുമായി ഇണങ്ങിത്തുടങ്ങിയെന്നു ഉറപ്പാക്കിയാണ് വേഴാമ്പൽ കുഞ്ഞിന് പറമ്പിക്കുളം കടുവാസങ്കേതം അതിരിടുന്ന തൂത്തമ്പാറ വനമേഖലയിൽ എത്തിച്ച് തുറന്ന് വിട്ടത്.
വനം വകുപ്പിന്റെ അകമല വനചികിത്സാകേന്ദ്രത്തിൽ ഒരുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത വേഴാമ്പൽ കുഞ്ഞിനെ നെല്ലിയാമ്പതി വനത്തിൽ തൂത്തമ്പാറ വനമേഖലയിൽ വനം വകുപ്പിന്റെ കാപ്പി തോട്ട ത്തോട് ചേർന്ന പ്രദേശത്ത് ചെക്ക് ഡാമിനടുത്ത് സ്ഥിരമായി വേഴാമ്പൽ കൂട്ടങ്ങളെ കാണുന്ന സ്ഥലത്താണ് തുറന്നുവിട്ടത്. കുറച്ചുനേരം തറയിലിരുന്ന് വിശ്രമിച്ചശേഷം പറന്ന് സമീപത്തെ മരക്കൊമ്പിൽ ഇരുന്നു. ഭക്ഷണം തേടുന്നതിന് ബുദ്ധിമുട്ടോ മറ്റോ ഉണ്ടെന്ന് വനം ജീവനക്കാർ നിരീക്ഷിക്കുമെന്ന് വനം ജീവനക്കാർ അറിയിച്ചു.


Share this News
error: Content is protected !!