വടക്കഞ്ചേരി മേഖലയിലെ തുടർച്ചയായ മാല പൊട്ടിച്ച് കവർച്ച – പ്രതികൾ പിടിയിൽ
വടക്കഞ്ചേരി: കുറുവായ് പൂവത്തിങ്കൽ വീട്ടിൽ മാധവൻ്റെ ഭാര്യ മീനാക്ഷി (75) യുടെ രണ്ടര പവൻ തൂക്കം വരുന്ന മാല സ്കൂട്ടറിലെത്തി കവർന്ന കേസിലെ ഉൾപ്പടെ വടക്കഞ്ചേരി മേഖലയിലെ തുടർച്ചയായ മാലപൊട്ടിച്ച് കവർച്ചാ കേസുകളിലെ പ്രതികൾ പിടിയിൽ. കഴിഞ്ഞ തിങ്കളാഴ്ച കാലത്ത് 9 മണിയോടെ കണക്കൻത്തുരുത്തിയിൽ വെച്ചാണ് പ്രതികൾ മാല പൊട്ടിച്ചത്. വടക്കഞ്ചേരി മേഖലയിൽ വർദ്ധിച്ചു വരുന്ന മോഷണങ്ങളെത്തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ.പി.എസ് ൻ്റെ നിർദ്ദേശത്തെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
റിൻഷാദ്, മനവരമ്പ്റോഡ് വീട് , ഇളങ്കാവ്, കിഴക്കഞ്ചേരി . ഷാബിർ, 22 കുളക്കമ്പാടം വീട്, കുന്നങ്കാട് , കിഴക്കഞ്ചേരി എന്നിവരാണ് പിടിയിലായത്. വടക്കഞ്ചേരി മേഖലയിലെ പ്രധാന ലഹരി ഇടപാട് കാരായ പ്രതികൾ കവർച്ചക്ക് ശേഷം ഇടുക്കി മൂന്നാറിലെയും , തമിഴ്നാട്ടിലെയും സുഖവാസ കേന്ദ്രങ്ങളിലേക്ക് കടന്നെങ്കിലും , CCTV ദൃശ്യങ്ങളുടെയും, പാലക്കാട് സൈബർ സെല്ലിൻ്റെയും സഹായത്തോടെ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പ്രതി ഷാബിറിനെ ചോദ്യം ചെയ്തതിൽ നിന്നും മുടപ്പല്ലൂർ ചെല്ലുപടിയിൽ ഒരു സ്ത്രീയുടെ മാല പൊട്ടിച്ചതും , വടക്കഞ്ചേരി ഡയാന ഹോട്ടലിന് പിൻ വശം ചുണ്ടക്കാട് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചതും കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
പ്രതി റിൻഷാദ് നിരവധി അടിപിടി കേസിലും , വധശ്രമ കേസിലും , ലഹരിമരുന്ന് കേസിലും പ്രതിയാണ്. ലഹരിമരുന്ന് വാങ്ങുന്നതിനും, ആഡംബരത്തിന് പണം കണ്ടെത്തുന്നതിനുമാണ് പ്രതികൾ കവർച്ച നടത്തിയത്. ലഹരിക്ക് അടിമപ്പെട്ട പ്രതികൾ വയോധിക എന്ന പരിഗണ പോലും നൽകാതെയാണ് കവർച്ച നടത്തിയത്.
പ്രതികൾ മോഷണത്തിനുപയോഗച്ച സ്കൂട്ടർ, രക്ഷപെടാൻ ഉപയോഗിച്ച കാർ, പ്രതികൾ കവർച്ച ചെയ്ത് പണയം വെച്ച സ്വർണ്ണമാല എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ചിറ്റൂർ എ .എസ് .പി .പദം സിങ് .ഐ .പി .എസ്. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. സി.ഡി. ശ്രീനിവാസൻ , ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. വടക്കഞ്ചേരി ഇൻസ്പെക്ടർ എം.മഹേന്ദ്രസിംഹൻ, സബ്ബ് ഇൻസ്പെക്ടർ എസ്.അനീഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബു , ദിലീപ്.ഡി.നായർ , പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട എ.എസ്.ഐ. സുനിൽ കുമാർ , റഹിം മുത്തു, കൃഷ്ണദാസ്.ആർ.കെ, സൂരജ് ബാബു. യു, ദിലീപ് .കെ, ഷിബു.ബി, വിനു.പി , എന്നിവരാണ് കേസന്വേഷണം നടത്തിയത്.