മംഗലംഡാമില്‍ നിന്നുള്ള ഇടതു- വലതു മെയിൻ കനാലുകളുടെയും സബ് കനാലുകളുടെയും വൃത്തിയാക്കല്‍ ജോലികള്‍ അന്തിമ ഘട്ടത്തില്‍.ഈ ആഴ്ചയോടെ കനാല്‍ പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കനാല്‍ സെക്ഷൻ വടക്കഞ്ചേരി എ.ഇ സിന്ധു പറഞ്ഞു. മഴ നീണ്ടുനില്‍ക്കുന്നതിനാല്‍ രണ്ടാം വിള കൃഷിപണികള്‍ക്ക് കനാല്‍ വെള്ളം പെട്ടെന്ന് ആവശ്യമായി വരുന്ന സ്ഥിതിയുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇറിഗേഷൻ വകുപ്പ് നേരിട്ടാണ് കനാല്‍ പണികള്‍ കരാര്‍ കൊടുത്ത് നടത്തുന്നത്. അതിനുമുമ്പും ഇറിഗേഷൻ വകുപ്പ് തന്നെയായിരുന്നു കനാല്‍ പണികള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇടക്കാലത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറച്ചു വര്‍ഷങ്ങള്‍ കനാലുകള്‍ വൃത്തിയാക്കിയിരുന്നു. ഇത് കര്‍ഷകരില്‍ നിന്നുള്ള വലിയ പരാതികള്‍ക്കും ഇടയാക്കി. ശരിയാംവണ്ണം കനാല്‍ വൃത്തിയാക്കാത്തതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. തൊഴിലുറപ്പു പദ്ധതിയില്‍ തുടര്‍പ്രവൃത്തികള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളും കനാല്‍ പണികള്‍ ഇറിഗേഷൻ വകുപ്പിനു തന്നെ തിരികെ ഏല്‍പ്പിക്കാൻ കാരണമായി. മുൻ വര്‍ഷങ്ങളില്‍ ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യത്തിലോ കൃഷിപണികള്‍ക്കായി കനാല്‍ വഴി വെള്ളം വിടേണ്ട സ്ഥിതി ഉണ്ടാകാറുണ്ട്. ഇക്കുറി മഴ നീണ്ടു നിന്നത് കൃഷിപണികള്‍ക്ക് ആശ്വാസമായി. മംഗലംഡാം പരമാവധി ജലനിരപ്പിലുമാണ്ഇതിനാല്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കര്‍ഷകര്‍ ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും മംഗലം ഡാമില്‍ നിന്നും വെള്ളം വിടാൻ എല്ലാം സജ്ജമാണെന്നും എ.ഇ അറിയിച്ചു. വലതു കനാല്‍ വണ്ടാഴി, അണക്കപ്പാറ, കാവശേരി, പാടൂര്‍, തോണിക്കടവ് വരെയായി 21 കിലോമീറ്ററും ഇടതു കനാല്‍ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്ബ്ര, പുതുക്കോട് പഞ്ചായത്തുകള്‍ പിന്നിട്ട് പ്ലാഴി വരെയായി 23 കിലോമീറ്ററുമാണ് ദൂരം. മെയിൻ കനാലുകളുടെ വാലറ്റങ്ങളില്‍ കനാലുകള്‍ രണ്ടായി തിരിഞ്ഞ് സബ് കനാല്‍ വഴിയും കുറച്ചു ദൂരം കൂടി വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനവുമുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx