കൂറ്റനാട് ടൗണ്‍ നവീകരണം;ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായനഷ്ടപരിഹാരം ലഭിക്കും: മന്ത്രി എം.ബി രാജേഷ്

Share this News


കൂറ്റനാട് നഗര നവീകരണത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കൂറ്റനാട് ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് നാഗലശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന
കൂറ്റനാട്ടെ വ്യാപാരികളുടെയും കെട്ടിടം ഉടമകളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റനാട് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്രമായ നവീകരണ പദ്ധതിയാണിത്. പദ്ധതിക്ക് 13.29 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വികസനം സാധ്യമാകണമെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമായി വരും. ഏതാനും കെട്ടിടങ്ങള്‍ ഭാഗികമായോ അപൂര്‍വം ചിലത് പൂര്‍ണമായോ മാറ്റേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഭൂഉടമകള്‍, വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിച്ചത്.
ആവശ്യമായ ഭൂമി കല്ലിട്ട് അടയാളപ്പെടുത്തുന്ന പ്രവൃത്തി ഈ മാസം തന്നെ ആരംഭിക്കും. തുടര്‍ന്ന് സര്‍വേ നടപടികള്‍ ആരംഭിച്ച് ഏറ്റെടുക്കുന്ന ഭൂമി കൃത്യമായി അടയാളപ്പെടുത്തും. ഭൂമിയും കെട്ടിട ഭാഗങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. എത്രത്തോളം സഹകരണം ലഭിക്കുന്നോ അത്രയും വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സംസ്ഥാനത്ത് 20 ജങ്ഷനുകളാണ് നവീകരിക്കുന്നത്. കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെങ്കില്‍ വ്യാപാരികളുടെ സഹകരണം ഉണ്ടാവണം. ന്യായമായ വില ലഭിക്കും. ആശങ്ക ആവശ്യമില്ല.
കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ്. കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയ പദ്ധതി വിശദീകരിച്ചു. കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജൂഡിറ്റ് മേരി പ്രൊജക്റ്റ് എന്‍ജിനീയര്‍ സനല്‍ പാലക്കാട് ലാന്‍ഡ് അക്ക്വിസിഷന്‍ തഹസീല്‍ദാര്‍ നാരായണന്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വിശദീകരിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ ഇന്ദിര, സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!