കുരുമുളക് വിളവെടുപ്പ് ആരംഭിച്ചു; ഉൽപാദനം കുറവ്,വിലയും കുറഞ്ഞു തുടങ്ങി, വള്ളികൾക്ക് രോഗബാധയും വന്യമൃഗ ശല്യവും.

Share this News


മലയോരമേഖലകളിലെ കൃഷിയിടങ്ങളിലെ കുരുമുളക് വിളവെടുപ്പ് ആരംഭിച്ചു. ജൂൺ ജൂലൈ മാസങ്ങളിലെ മഴ കുറവ് കുരുമുളക് ഉൽപാദനത്തെയും കാര്യമായി ബാധിച്ചതായി കർഷകർ പറഞ്ഞു. ഒരു താങ്ങു മരത്തിൽ നിന്ന് നാലു മുതൽ ആറു വരെ കിലോ കുരുമുളക് ലഭിച്ചിരുന്ന സ്ഥാനത്ത് ഉൽപാദനം മൂന്നു കിലോയിൽ താഴെയായി ചുരുങ്ങി. അത്യുൽപാദനശേഷിയുള്ള ഇനങ്ങളായ കരിമുണ്ട, പന്നിയൂർ, ശ്രീകര, തുടങ്ങിയ ഇനങ്ങളിലാണ് ഉയർന്നതോതിൽ കുരുമുളക് ഉൽപാദനം ലഭിക്കുന്നത്. നാട്ടിൻപുറങ്ങളിൽ ഇപ്പോഴും നാടൻ ഇനങ്ങൾ കൃഷി ചെയ്യാറുണ്ടെങ്കിലും സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന ഒരു താങ്ങുവള്ളി മരത്തിൽ നിന്നും രണ്ട് കിലോയിൽ താഴെ മാത്രമേ നാടൻ ഇനങ്ങൾക്ക് ഉൽപാദനക്ഷമതയുള്ളു. തിരിയുടെ നീളവും മുളകിന്റെ വലിപ്പ കുറവുമാണ് തൂക്കം കുറയാൻ കാരണം. ഇരുമ്പ്, അലൂമിനിയം, മുള എന്നിവ കൊണ്ടുള്ള നീളം കൂടിയ ഏണികൾ മരത്തിൽ കെട്ടിവച്ചാണ് മുളക് പറിക്കുന്നത്. ചില വള്ളികളിൽ എല്ലാ കായകളും ഒരുമിച്ച് മൂപ്പ് എത്താത്തതിനാൽ രണ്ടും മൂന്നും പ്രാവശ്യമായി പറിക്കേണ്ടി വരുന്നതായി കർഷകനായ യൂസഫ് ഒറവഞ്ചിറ പറഞ്ഞു. പൂർണ്ണമായും മൂപ്പ് എത്താത്ത കുരുമുളക് ഉണക്കിയാൽ കറുപ്പ് നിറത്തിന് പകരം തവിട്ടു നിറമായി മാറുമെന്നും ഇതിന് വിപണിയിൽ വിലകുറയുമെന്നും കർഷകനായ സാബു തടികുളങ്ങര പറഞ്ഞു. പറിച്ചെടുത്ത കുരുമുളക് തിരിയിൽ നിന്ന് വേർപ്പെടുത്തി എടുക്കുന്നതിനും ഏറെ അധ്വാനം ആവശ്യമാണ്. പറിച്ചെടുക്കുന്ന കുരുമുളക് ഒരാഴ്ചയിലേറെ ഉണക്കിയെടുത്താൽ മാത്രമേ സൂക്ഷിച്ചുവെക്കാൻ കഴിയുകയുള്ളൂ. പ്ലാസ്റ്റിക് ഷീറ്റുകളും ടാർ പായകളിലും അഴുക്കും പൊടിപടലവും ഇല്ലാതെ ഉണക്കി എടുത്തില്ലെങ്കിൽ വിപണിയിൽ ഗുണനിലവാരം കുറഞ്ഞതായി കണക്കാക്കി വില കുറയും. കായകൾ പഴുത്തു തുടങ്ങിയതോടെ പകൽസമയത്ത് പലതരം പക്ഷികളും രാത്രി സമയം വവ്വാലുകളും വെരുകുകളും കായകൾ തിന്നാൻ എത്തിത്തുടങ്ങിയത് കർഷകർക്ക് വൻതോതിൽ വിളനാശം ഉണ്ടാക്കുന്നു. മലയോര മേഖലകളിലെ കുരുമുളക് വള്ളികൾക്ക് ആന, പന്നി, മാൻ തുടങ്ങിയ വന്യജീവികളും കൃഷിനാശം ഉണ്ടാക്കുന്നുണ്ട് ഇതും വിളവിനെയും കർഷകരുടെ വരുമാനത്തെയും കാര്യമായി ബാധിക്കുന്നതായി കർഷകനായ ടി സി ബാബു പരാതിപ്പെട്ടു. കാട്ടാന പോലുള്ള മൃഗങ്ങൾ താങ്ങു മരങ്ങളും വള്ളിയും തള്ളിയിട്ട് ചവിട്ടി നശിപ്പിക്കുന്നതും മാനുകൾ കൊമ്പുകൾ ഉരസിയം മറ്റും വള്ളികൾ നശിപ്പിക്കുന്നു. കാട്ടുപന്നികൾ താങ്ങു വൃക്ഷങ്ങളുടെ ചുവട്ടിലെ കുരുമുളകിന്റെ വേരുൾപ്പെടെ കുത്തി മറിച്ച് വള്ളി ഒന്നാകെ ഉണക്കിക്കളയുന്നു. തെങ്ങിൻ തോട്ടങ്ങളിൽ മുരുക്ക് ശീമക്കൊന്ന, കമുക് തെങ്ങ് എന്നിവയിൽ സൂര്യപ്രകാശം ലഭിക്കുന്ന വൃക്ഷങ്ങളിലാണ് കുരുമുളക് വള്ളികൾ പടർത്തി വിളവെടുക്കുന്നത്. ഒലിപ്പാറ, കൽച്ചാടി, ചള്ള, കരിമ്പാറ, മാങ്കുറിശ്ശി, മംഗലം ഡാം, കരിങ്കയം, തുടങ്ങിയ പ്രദേശങ്ങളിൽ റബ്ബർ കൃഷിക്ക് അനുയോജ്യമല്ലാത്ത മേഖലകളിലാണ് കുരുമുളക് കൃഷി വ്യാപകമായുള്ളത്. വീട്ടുവളപ്പുകളിലും മറ്റും ചെറിയതോതിൽ കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. നെല്ലിയാമ്പതി മേഖലയിലെ കാപ്പിത്തോട്ടങ്ങളിലും ഇടവിളയായി കുരുമുളക് കൃഷിചെയ്യുന്നുണ്ട്. മേഖലയിലെ കുരുമുളക് വിളവെടുപ്പ് ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കും. മഴക്കാലത്ത് അനുയോജ്യ കാലാവസ്ഥയും സൂര്യപ്രകാശവും ലഭിക്കുന്ന പള്ളികളിൽ മാത്രമാണ് കുരുമുളക് ഉൽപാദനം ഉയർന്ന തോതിൽ നടക്കാറുള്ളൂ. ദ്രുത വാട്ടം, വേര് അഴുകൽ രോഗം മൂലവും കുരുമുളകു കൊടികൾ വ്യാപകമായി നശിക്കുന്നുണ്ട് പ്രതിവിധിയായി ബോഡോ മിശ്രിതവും ട്രൈക്കോഡർമയും പ്രയോഗിക്കുന്നുണ്ടെങ്കിലും കുരുമുളക് വള്ളികളുടെ നാശത്തിന് പ്രതിവിധി ആകുന്നില്ല.
550 _ 570 വിലനിലവാരത്തിൽ വില കുരുമുളക് ഇപ്പോൾ വിലയുണ്ടെങ്കിലും ഹൈറേഞ്ച് വയനാട് മേഖലകളിലെ കുരുമുളക് വിപണിയിൽ എത്തിയാൽ വില കുത്തനെ താഴുമെന്ന് കർഷകരും വ്യാപാരികളും പറയുന്നു. ഡിസംബർ മാസം വരെ കുരുമുളകിന് 600 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്നു. കഴിഞ്ഞവർഷം സീസൺ സമയത്ത് 300 രൂപ വരെ വില കുറഞ്ഞിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!