

നാലു ഗ്രാമപ്പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്ന മംഗലംഡാം കുടിവെള്ളപദ്ധതിയുടെ ജോലികൾ അവസാനഘട്ടത്തിൽ. എന്നാൽ, അണക്കെട്ടിലെ ചെളി നീക്കി സംഭരണം കൂട്ടാത്തതിനാൽ വെള്ളം കിട്ടുമെന്ന് ഉറപ്പില്ല. ഒന്നാംവിള, രണ്ടാംവിള നെൽക്കൃഷികൾക്ക് മംഗലംഡാമിൽനിന്ന് വെള്ളം കൊടുത്തുകഴിഞ്ഞാൽ മത്സ്യക്കൃഷിക്കുള്ള വെള്ളം മാത്രമേ ശേഷിക്കാറുള്ളൂ.
ഈ പ്രതിസന്ധി മറികടക്കാനാണ് 2021 ഫെബ്രുവരിയിൽ സംഭരണിയിലെ ചെളിനീക്കം ആരംഭിച്ചത്. മൂന്നുവർഷത്തിനുള്ളിൽ ചെളിനീക്കം പൂർത്തിയാക്കി 2.95 മില്യൺ ഘനമീറ്റർ വെള്ളം അധികം സംഭരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 2022 ഏപ്രിലിൽ നിലച്ച ചെളിനീക്കം രണ്ടുവർഷം കഴിഞ്ഞിട്ടും പുനരാരംഭിച്ചിട്ടില്ല. ഇപ്പോൾ തുടങ്ങിയാലും ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും വേണ്ടിവരും പൂർത്തിയാകാൻ. അതേസമയം മൂന്നുമാസത്തിനുള്ളിൽ കുടിവെള്ളപദ്ധതിയുടെ ജോലികൾ പൂർത്തിയാക്കി, ജലവിതരണം തുടങ്ങുമെന്നാണ് ജല അതോറിറ്റി അധികൃതർ അറിയിച്ചിട്ടുള്ളത്.
ചെളിനീക്കം പൂർത്തിയാകാതെ കുടിവെള്ളവിതരണം തുടങ്ങിയാൽ നെൽക്കൃഷിക്ക് വെള്ളം നൽകുന്നത് പരിമിതപ്പെടുത്തേണ്ടിവരും. ഇത് ആറുപഞ്ചായത്തുകളിലെ കൃഷിയെ ബാധിക്കും. ചെളിനീക്കം കരാറെടുത്ത ദർത്തി ഡ്രഡ്ജിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ജോലികൾ നിലയ്ക്കാനിടയാക്കിയത്. ദർത്തിക്ക് വായ്പനൽകിയ ബാങ്ക് കൺസോർഷ്യം ദർത്തിയെ പാപ്പരായി പ്രഖ്യാപിച്ചു. തുടർന്നുനടന്ന ലേലത്തിൽ ബാങ്കിന്റെ ബാധ്യതകൾ തീർത്ത് ദർത്തിയെ മറ്റൊരു കമ്പനി ഏറ്റെടുത്തു. ദർത്തിയെ ഏറ്റെടുത്ത കമ്പനി ചെളിനീക്കം തുടരാമെന്ന് സർക്കാരിനെ അറിയിച്ചെങ്കിലും സർക്കാർ തീരുമാനം നീളുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
