അഡ്വാനിക്ക് ഭാരതരത്നം സമ്മാനിച്ചു

Share this News


മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ എൽ.കെ. അഡ്വാനിക്കു രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്നം സമ്മാനിച്ചു. അഡ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വസതിയിലെത്തിയാണു രാഷ്ട്രപതി രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എന്നിവർ പങ്കെടുത്തു.

ഇതിനിടെ, ചടങ്ങിൽ രാഷ്ട്രപതി നിൽക്കുകയും അഡ്വാനിയും പ്രധാനമന്ത്രിയും ഇരിക്കുകയും ചെയ്യുന്ന ചിത്രം വിവാദമായി. രാജ്യത്തിന്റെ പ്രഥമ വനിതയെ ആദരിച്ചില്ലെന്ന വിമർശനം പ്രതിപക്ഷ നേതാക്കൾ പലരും ഉയർത്തി. ഗുരുതരമായ അനാദരവാണു രാഷ്ട്രപതി നേരിട്ടതെന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിമർശിച്ചു.
എന്നാൽ പ്രോട്ടോക്കോൾ അനുസരിച്ച് ഇതിൽ തെറ്റില്ലെന്നു മുൻരാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പ്രസ് സെക്രട്ടറി അശോക് മാലിക്ക് വിശദീകരിച്ചു. ‘രാഷ്ട്രപതിയും പുരസ്കാരം സ്വീകരിക്കുന്ന വ്യക്തിയും ചടങ്ങിൽ നിൽക്കുകയാണു രാഷ്ട്രപതി ഭവൻ പ്രോട്ടോക്കോൾ. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും അടക്കം അതിഥികൾ ഇരിക്കണം. പുരസ്കാരം സ്വീകരിക്കുന്ന വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങളോ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ഇരിക്കാൻ അനുമതിയുണ്ട്’ അശോക് മാലിക്ക് എക്സിൽ കുറിച്ചു.

അതേസമയം, രാഷ്ട്രപതി നിൽക്കുമ്പോൾ മറ്റെല്ലാവരും നിൽക്കണമെന്നതാണു പ്രോട്ടോക്കോൾ എന്നും രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ മാത്രമാണു സദസ്സിലുള്ളവർ ഇരിക്കണമെന്ന നിർദേശമുള്ളതെന്നും രാഷ്ട്രപതി ഭവനിലെ ഒരു മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഔചിത്യക്കുറവുണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!