നെന്മാറ-വല്ലങ്ങി വേല ഇന്ന്

Share this News

മതിവരാക്കാഴ്ചകളുമായി നെന്മാറ-വല്ലങ്ങി വേല ചൊവ്വാഴ്ച. പാരമ്പര്യത്തികവാർന്ന ചടങ്ങുകളും മീനച്ചൂടിനെ വെല്ലുന്ന ഉത്സവാരവങ്ങളും എഴുന്നള്ളത്തുകളും വാദ്യവിശേഷങ്ങളുമായി ഉത്സവപ്രേമികളെ വരവേൽക്കാൻ നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകം ഒരുങ്ങി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന ഉത്സവപ്രേമികൾക്കായി ആഘോഷ നിമിഷങ്ങളൊരുക്കാൻ െനന്മാറ വല്ലങ്ങി ദേശങ്ങൾ ഒരുക്കങ്ങൾ പൂർത്തിയാക്കി

ചൊവ്വാഴ്ച പുലർച്ചെ നാലരയ്ക്ക് വാൾ കടയലോടെ നെന്മാറ ദേശത്തിന്റെ പരിപാടികൾ തുടങ്ങും. ആറിന് മന്ദത്ത് വരിയോല വായനയുണ്ട്. 11-ന് ചിറയ്ക്കൽ കാളിദാസൻ തിടമ്പേന്തി ഒമ്പതാനകൾ എഴുന്നള്ളത്തിൽ അണിനിരക്കും. ചോറ്റാനിക്കര വിജയൻ മാരാർ പഞ്ചവാദ്യം നയിക്കും. എഴുന്നള്ളത്ത് നാലുമണിയോടെ ക്ഷേത്രസന്നിധിയിലെത്തും. തുടർന്ന് അരങ്ങേറുന്ന പാണ്ടിമേളത്തിന് കലാമണ്ഡലം ശിവദാസ് നേതൃത്വം നൽകും. 6.30-ന് പകൽ വെടിക്കെട്ട് നടക്കും.രാത്രി എട്ടിന് മന്ദത്ത് നടക്കുന്ന തായമ്പകയെത്തുടർന്ന് 10.30-ന് രാത്രി എഴുന്നള്ളത്ത് ആരംഭിക്കും. ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് രാത്രി വെടിക്കെട്ട്. പാണ്ടിമേളവും കാവുകയറലും കോലമിറക്കലും തുടർന്നുണ്ടാകും.

വല്ലങ്ങി ദേശത്ത് തിടമ്പുപൂജയോടെ പരിപാടികൾ ആരംഭിക്കും. ഈടുവെടിയെ തുടർന്ന് എഴുന്നള്ളത്ത് 10.30-ന് തുടങ്ങും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തിടമ്പേന്തും. അയിലൂർ അനന്തനാരായണൻ പഞ്ചവാദ്യം നയിക്കും. വല്ലങ്ങി ബൈപ്പാസിന് താഴെ ഒരുക്കിയ ആനപ്പന്തലിൽ എഴുന്നള്ളിയെത്തും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം നൽകുന്ന പാണ്ടിമേളം ആരംഭിക്കും. കാവിറങ്ങുന്നതോടെ 6.30-ന് പകൽ വെടിക്കെട്ടുണ്ടാകും. ശിവക്ഷേത്രത്തിൽ തായമ്പകയും രാത്രി എഴുന്നള്ളത്തും നടക്കും. ബുധനാഴ്ച പുലർച്ചെ മൂന്നിന് രാത്രി വെടിക്കെട്ടുണ്ടാകും. കോലമിറക്കുന്നതോടെ ആഘോഷത്തിന് സമാപനമാകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge




Share this News
error: Content is protected !!