കേന്ദ്ര സാഹിത്യ അക്കാദമി രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു നോവലിസ്റ്റ് സി.രാധാകൃഷ്ണൻ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറി ഡോ.ശ്രീനിവാസ റാവുവിന് അയച്ചു.
അക്കാദമിയുടെ സാഹിത്യോത്സവവും പ്രദർശനവും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധമറിയിച്ചാണു രാജി. സാഹിത്യവുമായി ബന്ധമുള്ളവർ മാത്രം സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നതാണു കീഴ്‌വഴക്കം.
∙ സി.രാധാകൃഷ്ണന്റെ വാക്കുകൾ: ‘‘കഴിഞ്ഞ തവണ കേന്ദ്ര സഹമന്ത്രിയെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുപ്പിച്ചപ്പോൾ ഞാനടക്കമുള്ള അംഗങ്ങൾ എതിർത്തിരുന്നു. ഇനി അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുനൽകിയെങ്കിലും അത് ഇത്തവണയും ആവർത്തിച്ചു. ഞാൻ ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് എതിരല്ല. എന്നാൽ, അക്കാദമിയുടെ സ്വതന്ത്രഘടനയ്ക്കു ദോഷമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല.
അക്കാദമിയുടെ ദീർഘദർശികളായ സ്ഥാപകർ അതിനെ സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായാണു വിഭാവന ചെയ്തത്. ഇന്നതിന്റെ ഭരണഘടനതന്നെ മാറ്റിമറിക്കാൻപോന്ന മിടുക്കു കാണിക്കുകയാണു രാഷ്ട്രീയ യജമാനന്മാരെന്നാണറിയുന്നത്. രാജ്യത്തിന്റെ സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യ സ്ഥാപനത്തിന്റെ മരണത്തിനു മൂകസാക്ഷിയായിരിക്കാൻ എനിക്കു സാധിക്കില്ല; ക്ഷമിക്കുക’’.
മന്ത്രി എഴുത്തുകാരൻ: അക്കാദമി അധ്യക്ഷൻ
സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ രാജസ്ഥാനിയിലും ഹിന്ദിയിലും അറിയപ്പെടുന്ന എഴുത്തുകാരനാണെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക് വിശദീകരിച്ചു. ‘ഏക് സഫർ ഹംസഫർ കെ സാഥ്’, ‘ദിവ്യ പഥ് ദാമ്പത്യ കാ’ തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതാദ്യമായിട്ടാണു ‘ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ’ ഇത്തരമൊരു രീതിയെന്ന വാദം ശരിയല്ലെന്നും അക്കാദമി വിവിശദീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge