മീനം ഒന്നിനു കൂറയിട്ടതു മുതൽ ആരംഭിച്ച പന്തൽ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കിവരികയാണ്. നെന്മാറ ദേശം പന്തൽ പോത്തുണ്ടി റോഡിൽ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപവും വല്ലങ്ങിയുടേത് ബൈപാസിനു താഴെയുള്ള പാടത്തുമാണു സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കോടതി ഉത്തരവിനെ തുടർന്നാണ് പതിവായി സ്ഥാപിക്കാറുള്ള പാതയോരത്തുനിന്ന് ഇത്തവണ സ്ഥലം മാറ്റിയത്. പന്തലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ പന്തലിൽ കോർത്തിണക്കുന്ന ലക്ഷക്കണക്കിനു ചെറുബൾബുകൾ ഏപ്രിൽ ഒന്നിനു പ്രകാശിപ്പിക്കും.
കംപ്യൂട്ടറൈസ്ഡ് സംവിധാനത്തിലാണ് വിവിധ നിറം നൽകുന്ന ബൾബുകൾ ഒന്നിച്ചു പ്രകാശിപ്പിച്ചു വിസ്മയക്കാഴ്ച സമ്മാനിക്കുക. വേല നടക്കുന്ന ഏപ്രിൽ 3നു പുറമേ 2നും 4നും പന്തൽ ദീപാലങ്കാര പ്രദർശനം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ ഉത്സവപ്പറമ്പിലെത്തും. നെന്മാറ ദേശത്തിനുവേണ്ടി പന്തലും ദീപാലങ്കാരവും ഒരുക്കാനുള്ള ചുമതല ചെറുതുരുത്തി എം.എ.സെയ്തലവിക്കാണ്. 38 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന സെയ്തലവി കഴിഞ്ഞ വർഷം ഉൾപ്പെടെ 10 വർഷമായി നെന്മാറ ദേശത്തിനുവേണ്ടി പന്തൽ ഒരുക്കിവരുന്നു. കഴിഞ്ഞ വർഷം തൃശൂർ പൂരത്തിന് ഉൾപ്പെടെ സംസ്ഥാനത്തെ പ്രസിദ്ധമായ ഉത്സവങ്ങൾക്ക് സെയ്തലവി പന്തൽ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തിനു പുറത്തുള്ള ഒരു ക്ഷേത്രത്തിന്റെ മാതൃകയിലാണു നെന്മാറയിലെ പന്തൽ. പന്തൽ പൂർത്തിയാക്കാൻ 40 ജോലിക്കാരുടെ 15 ദിവസത്തെ അധ്വാനം വേണ്ടിവരും. മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ചില പ്രത്യേകതകൾ ഇത്തവണത്തെ ദീപാലങ്കാരത്തിലുണ്ടാകുമെന്നും സെയ്തലവി പറഞ്ഞു. വല്ലങ്ങി ദേശത്തിനു വേണ്ടി എടപ്പാൾ നാദം ബൈജുവാണ് പന്തൽ ഒരുക്കുന്നത്. 2019ലും വല്ലങ്ങിക്കു വേണ്ടി പന്തൽ ഒരുക്കിയ ബൈജു 17 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. തമിഴ്നാട്ടിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിന്റെ മാതൃകയിലാണു പന്തൽ ഒരുക്കുന്നതെന്ന് ബൈജു പറഞ്ഞു. തൃശൂർ പൂരത്തിൽ പാറമേക്കാവിനും തിരുവമ്പാടിക്കും പുറമേ സംസ്ഥാനത്തെ ഒട്ടേറെ ഉത്സവങ്ങൾക്കായി പന്തൽ ഒരുക്കിയിട്ടുണ്ട്. 100 അടിയിലധികം പൊക്കമുള്ള പന്തലിൽ 3 ലക്ഷത്തിലധികം ബൾബുകൾ ഉപയോഗിച്ചാണു ദീപാലങ്കാരം.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/FMyA6Kp0f7RHEn7dwuEmLq