കുടിവെള്ളം കിട്ടാകനി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊടുമ്പാല, വെള്ളിക്കുളമ്പ് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിൽ

Share this News

കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊടുമ്പാല, വെള്ളിക്കുളമ്പ് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടിവെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് കോളനി മൂപ്പൻ വാസു പറഞ്ഞു.
ഇരുന്നൂറിലേറെ കുടുംബങ്ങള്‍ ജല ക്ഷാമത്തിന്‍റെ ബുദ്ധിമുട്ടുകളിലാണ്. പിട്ടുകാരികുളമ്ബ് ബോർവെല്ലില്‍ നിന്നാണ് ഈ പ്രദേശങ്ങളിലെക്കെല്ലാം വെള്ളം പമ്ബ് ചെയ്തിരുന്നത്.

എന്നാല്‍ ബോർവെല്ലില്‍ വെള്ളം കുറഞ്ഞതോടെ ദൂരേക്കുള്ള ജലവിതരണവും അവതാളത്തിലായി. വെള്ളമില്ലാതെ താമസം മാറേണ്ട സ്ഥിതിയിലാണ് പ്രദേശത്തെ പല വീട്ടുകാരും.

കക്കൂസില്‍ പോയാല്‍ പോലും വെള്ളം ഉപയോഗിക്കാനില്ലാത്ത ഗുരുതര സ്ഥിതിയാണുള്ളത്. ജലക്ഷാമത്തിന് അടിയന്തര നടപടി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊടുമ്ബാല ആദിവാസി കോളനി മൂപ്പൻ വാസു ഉള്‍പ്പെടെയുള്ളവർ കളക്ടർക്ക് പരാതി നല്‍കാനുള്ള തീരുമാനമാണിപ്പോള്‍.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജലക്ഷാമത്തിന് പരിഹാരം കാണാം എന്നാണ് അധികൃതർ പറയുന്നത്. എന്നാല്‍ ഒരുമാസം വെള്ളമില്ലാതെ എങ്ങനെ കഴിയും എന്നാണ് ഇവർ ചോദിക്കുന്നത്. വെള്ളിക്കുളമ്ബില്‍ 50, 100 മീറ്റർ വ്യത്യാസത്തില്‍ മൂന്ന് ബോർവെല്ലുകള്‍ കുഴിച്ചിട്ടുണ്ട്.

ഇതിലെ ആദ്യ ബോർവെല്ലില്‍ മതിയായ വെള്ളമുണ്ട്. ഇതില്‍ മോട്ടോർ വച്ച്‌ പമ്ബിംഗ് നടത്തിയാല്‍ കുറെ വീട്ടുകാർക്കെങ്കിലും വെള്ളം എത്തിക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

ബന്ധപ്പെട്ട അധികൃതർ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നടപടികളും ആലോചനകളും വേഗത്തിലാക്കി അടിയന്തിരമായി ടാങ്കറുകളില്‍ വെള്ളം എത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!