

മംഗലംഡാം റിസർവോയറിലെ മണ്ണും മണലും നീക്കം ചെയ്യല്‍ പദ്ധതി പാതിവഴിയില്‍ നിലച്ചു. ഇതുമൂലം ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയും അവതാളത്തിലായി.കുടിവെള്ള പദ്ധതി നടപ്പാകുമെന്ന് ഉറപ്പില്ലെങ്കിലും വീടുകളിലേക്കുള്ള പൈപ്പിടല്‍ നടക്കുന്നുണ്ട്.
നാല് പഞ്ചായത്തുകളിലായി ഇത്രയേറെ കിലോമീറ്റർ പൈപ്പിടാനും ടാപ്പുകള്‍ സ്ഥാപിക്കാനുമായി കോടികള്‍ ചെലവഴിച്ചത് ഫലം കാണുമോ എന്ന് കണ്ടറിയണം.
എന്തായാലും ഇതിന്‍റെയെല്ലാം കമ്മീഷൻപറ്റല്‍ മുറതെറ്റാതെ നടക്കുന്നുണ്ടെന്നാണ് ആരോപണം. പദ്ധതി പ്രവർത്തനങ്ങള്‍ വൈകാതെ തുടങ്ങും എന്ന സ്ഥിരം വിശദീകരണം മാത്രമാണ് രണ്ട് വർഷത്തിലേറെയായി പണികള്‍ നിർത്തിവച്ചിട്ടും ഇപ്പോഴും തുടരുന്നത്.
ഡ്രഡ്ജറിന്‍റെ സഹായത്തോടെ ഡാമിലെ മണ്ണെടുത്ത് അതില്‍ നിന്നും മണല്‍ വേർതിരിച്ചെടുക്കുന്ന സോർട്ടിംഗ് പ്ലാന്‍റുകളെല്ലാം കാടുമൂടി. ഡാമിലെ ജലസംഭരണം കൂട്ടാൻ ലക്ഷ്യം വച്ചായിരുന്നു കൊട്ടിഘോഷിച്ച് സംസ്ഥാനത്ത് തന്നെ ആദ്യ പൈലറ്റ് പദ്ധതിയായി ഡാമില്‍ മണ്ണെടുപ്പ് തുടങ്ങിയത്. കൂടുതല്‍ ജലസംഭരണത്തിലൂടെ മാത്രമെ കുടിവെള്ള പദ്ധതിക്ക് വെള്ളമുണ്ടാകൂ.അതല്ലെങ്കില്‍ രണ്ടാം വിള നെല്‍കൃഷിക്കുള്ള ജലവിതരണത്തോടെ ഡാം വറ്റുന്ന സ്ഥിതിയാണ്. 2018 ജൂലൈയില്‍ നിർമാണോദ്ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടലും പ്രധാന ടാങ്ക് നിർമാണവും അന്തിമഘട്ടത്തിലാണ്.
ഡാമില്‍ നക്ഷത്ര ബംഗ്ലാകുന്നില്‍ ജലസംഭരണികളുടെയും ജല ശുദ്ധീകരണശാലകളുടെയും പണികള്‍ ഏതാണ്ട് പൂർത്തിയായി. മംഗലംഡാം ഉള്‍പ്പെടുന്ന വണ്ടാഴി പഞ്ചായത്ത് സമീപ പഞ്ചായത്തുകളായ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്ബ്ര എന്നീ നാലു പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ളതാണ് പദ്ധതി. 95 കോടി രൂപയാണ് പദ്ധതിക്കായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളതെങ്കിലും പണികള്‍ പൂർത്തിയാകുമ്ബോള്‍ 140 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. മംഗലംഡാം റിസർവോയറാണ് പദ്ധതിയുടെ ജല സ്രോതസ്. പ്രതിദിനം 240 ലക്ഷം ലിറ്റർ വെള്ളം ഡാമില്‍ നിന്നും പമ്ബ് ചെയ്യണം.
മഴക്കാല മാസങ്ങളിലും ഡിസംബർ വരേയും ഇത് സാധ്യമാകും. രണ്ടാംവിള നെല്‍കൃഷിക്ക് വെള്ളം വിടുന്നതിനൊപ്പം കുടിവെള്ളത്തിനും ഇത്രയും വെള്ളം കണ്ടെത്തേണ്ടതുണ്ട്.
മഴക്കാലത്ത് ഷട്ടറുകള്‍ തുറന്ന് പുഴയിലേക്ക് ഒഴുക്കി വെള്ളം പാഴാക്കുന്നത് തടയാനായാല്‍ ഈ പദ്ധതികളെല്ലാം വിജയകരമാകും. ഇതിന് ഡാമിന്‍റെ സംഭരണശേഷി പൂർവകാല സ്ഥിതിയിലാക്കണം.
ഡാമിന്‍റെ സംഭരണശേഷി കൂട്ടാതെ കുടിവെള്ള പദ്ധതി വിജയിക്കില്ല. അത് കോടികള്‍ വൃഥാവിലാകാൻ കാരണമാകും. വെള്ളം ഒഴുകാതെ പഞ്ചായത്തുകളിലെല്ലാം കുഴിച്ചിട്ടിട്ടുള്ള പൈപ്പുകളുടെ ചൂടുകൂടി സഹിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
