പാനീയ രാജാക്കൻമാരുടെ സര്‍വാധിപത്യത്തിലും മുട്ടുമടക്കാതെ കിഴക്കഞ്ചേരിയിലെ പനംചക്കര ഉത്പാദക സഹകരണ സംഘം

Share this News

പാനീയ രാജാക്കന്മാരുടെ സർവാധിപത്യത്തിലും കിഴക്കഞ്ചേരിയിലെ പ്രകൃതിദത്ത പാംനീർ ഉത്പന്നങ്ങള്‍ക്ക് ഇന്നും ആവശ്യക്കാരേറെ.കടുത്ത വേനല്‍ച്ചൂടില്‍ പാം നീർ പാനീയങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് പ്രിയം കൂടിയതോടെ ആവശ്യത്തിനുള്ള പാനീയം കടകളില്‍ എത്തിച്ചുകൊടുക്കാൻ കഴിയുന്നില്ലെന്ന പ്രയാസമേ ഇവിടത്തെ ജീവനക്കാർക്കുള്ളൂ.

കേരളത്തില്‍നിന്നും അന്യം നിന്നുപോയ പനംചക്കര ഉത്പാദക സഹകരണ സംഘങ്ങളില്‍ ശേഷിക്കുന്ന അപൂർവം സൊസൈറ്റികളില്‍ ഒന്നാണ് കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസിനടുത്തു പ്രവർത്തിക്കുന്ന പനംചക്കര സൊസൈറ്റി. 1948 ല്‍ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി നിരവധിയായ പ്രതിസന്ധിഘട്ടങ്ങള്‍ കടന്ന് ഇന്ന് നിലനില്‍പ്പിന്‍റെ മികവുകളിലാണ്. തലയുയർത്തി നില്‍ക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങളോ ഉപഭോക്താക്കളെ വീഴ്ത്തുന്ന പരസ്യവാചകങ്ങളോ ബോർഡുകളോ ഇല്ലെങ്കിലും ചുട്ടുപൊള്ളുന്ന വേനലില്‍ പാം നീരാണ് ജനങ്ങളുടെ പ്രിയപ്പെട്ട പാനീയം. ഇതിനൊപ്പം ജീരകസോഡ, നന്നാരി സോഡ, നന്നാരി സ്ക്വാഷ് തുടങ്ങിയ ഉത്പന്നങ്ങളും പുറത്തിറങ്ങുന്നുണ്ട്.

കെമിക്കലുകളൊന്നും ചേർക്കാതെ പാലക്കാടിന്‍റെ തലയെടുപ്പായ കരിമ്ബനയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ചേർത്താണ് ഈ പാനീയ നിർമാണം. നല്ല ആരോഗ്യദായകപാനീയം എന്ന നിലയിലും പാം നീരിന്‍റെ പേരും പെരുമയും ഏറെ ഉയർന്നതാണ്. മധുരത്തിനായി പനംപഞ്ചസാരയാണ് ഇതില്‍ ഉപയോഗിക്കുന്നത്. കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് പി.എം. കലാകാരൻ പ്രസിഡന്‍റും നെല്ലിക്കോട് സുനില്‍കുമാർ മാനേജരുമായ സമിതിയാണ് ഇതിന്‍റെ ചുമതലക്കാർ. സജിത, ശാന്ത, അജിത, മണി, രുക്മിണി എന്നിവരാണ് ഇവിടെ തൊഴിലെടുക്കുന്നത്. സ്ഥാപനത്തിലെ തൊഴിലാളികള്‍ എന്നതിനപ്പുറം തങ്ങളുടെ ജീവശ്വാസം പോലെയാണ് ഏഴ് പതിറ്റാണ്ട് പിന്നിട്ട ഈ സ്ഥാപനത്തെ അവർ കൊണ്ടുനടക്കുന്നതും.

കുമാരേട്ടനും ലക്ഷ്മണേട്ടനുമായിരുന്നു ഇതിനു മുമ്ബത്തെ സാരഥികള്‍. കിഴക്കഞ്ചേരി പഞ്ചായത്തിനു പുറമെ വടക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലാണ് കിഴക്കഞ്ചേരിയുടെ ഈ സ്വന്തം ജൈവ കോളയുടെ വില്പന മേഖല. ബോട്ടിലുകള്‍ കൂടുതല്‍ ആകർഷകമാക്കി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായി പുതിയ കെട്ടിടം നിർമിച്ച്‌ നടപടികളും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!