മമ്പാട് പുഴപ്പാലം അടുത്ത മാസം സഞ്ചാരയോഗ്യമാക്കും.

Share this News

കിഴക്കഞ്ചേരി-കുണ്ടുകാട് – ഇളവംപാടം-ചിറ്റടി റോഡില്‍ മമ്പാട് പുഴപാലം  പുതുക്കി പണിയുന്ന പ്രവൃത്തികള്‍ പൂർത്തിയാകുന്നു. അടുത്ത മാസം പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. ഇരുഭാഗത്തേയും അപ്രോച്ച്‌ റോഡുകളുടെ നിർമാണമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്.

പാലം പണി പൂർത്തിയായി. പെയിന്‍റിംഗ് പണികളാണ് ഇനിയുള്ളത്. മംഗലംഡാം, പാലക്കുഴി വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളമാണ് ഈ പുഴയിലൂടെ ഒഴുകുക. വീതി കുറഞ്ഞതും ഉയര കുറവുമുള്ള പാലം പൂർണമായും പൊളിച്ചു നീക്കിയാണ് ഉയരം കൂട്ടി 11 മീറ്റർ വീതിയിലാണ് പുതിയപാലം നിർമിച്ചിട്ടുള്ളത്.

പഴയ പാലത്തിനേക്കാള്‍ നാല് മീറ്റർ ഉയരവുമുണ്ട്. കെ.ഡി. പ്രസേനൻ എംഎല്‍എ യുടെ ശ്രമഫലമായി കിഫ്ബിയില്‍ നിന്നും ആറര കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്. 2022 മേയ് 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലത്തിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 18 മാസമായിരുന്നു നിർമാണ കാലാവധി. നിർമാണത്തിനിടെ പാലത്തിന്‍റെ ഒരു പില്ലർ തകർന്നു വീണ സംഭവമുണ്ടായിരുന്നു. മലപ്പുറത്തെ എബിഎം ഫോർ കണ്‍സ്ട്രക്ഷൻ കമ്ബനിയാണ് കരാറെടുത്തിട്ടുള്ളത്.

മഴക്കാലങ്ങളില്‍ പാലം മുങ്ങി കിഴക്കഞ്ചേരി – രണ്ട് വില്ലേജിലെ പുന്നപ്പാടം, തച്ചക്കോട്, ഇളവംപാടം, കണിയമംഗലം പ്രദേശത്തുള്ളവർ പല ദിവസങ്ങളിലും ഒറ്റപ്പെടുന്നത് പതിവാണ്. പാലം നിർമിക്കാനായി ഒന്നര വർഷത്തിലേറെയായി ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സെന്‍റ് ഫ്രാൻസിസ് സ്കൂള്‍, പാളയം വഴി തിരിച്ചുവിടുന്നതിനാല്‍ നാട്ടുകാർക്ക് ഏറെ യാത്രാക്ലേശമുണ്ട്.

എങ്കിലും പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മനോഹരമായ പുതിയ പാലം യഥാർഥ്യമാകുന്നതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാരെല്ലാം. പാലത്തിന്‍റെ ശേഷിച്ച പണികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും ജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!