വടക്കഞ്ചേരി ടൗണില്‍ ചെറുപുഷ്പം ജംഗ്‌ഷനില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാൻ സൗകര്യമില്ലാതെ യാത്രക്കാർ വലയുന്നു.30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചിരുന്ന ഇ- ടോയ്‌ലറ്റുകള്‍ പൊളിച്ചുമാറ്റി ഇവിടെ സാധാരണ ടോയ്‌ലറ്റുകള്‍ നിർമിച്ചിട്ടുണ്ടെങ്കിലും മാസങ്ങളേറെയായി അത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. ഇതു മൂലം നൂറുകണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. സ്ത്രീകള്‍ക്കാണ് ഏറെ കഷ്ടപ്പാട്.
പുരുഷമാർ കെട്ടിട മറവിലാണ് കാര്യം നടത്തുന്നത്. ഒരു മാസം കൂടി കഴിഞ്ഞാല്‍ വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കും. അതിനു മുമ്ബെങ്കിലും കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടി വേണമെന്നാണ് ആവശ്യം. 2014 ജൂണ്‍ മാസത്തിലാണ് ബസ് വെയ്റ്റിംഗ് ഷെഡ് കം ഇ- ടോയ്‌ലറ്റ് നിർമിച്ച് ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയത്. ടോയ്‌ലറ്റിനും വെയിറ്റിംഗ് ഷെഡിനുമായി അന്ന് ചെലവഴിച്ചത് 45 ലക്ഷം രൂപയായിരുന്നു. പാവപ്പെട്ടവർക്ക് ടോയ്‌ലറ്റ് ഉള്‍പ്പെടെ വീട് നിർമാണത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്ന കാലത്താണ് ഇവിടെ ടോയ്‌ലറ്റിന് മാത്രമായി 30 ലക്ഷം രൂപ ചെലവഴിച്ചത്. 15 ലക്ഷം രൂപയ്ക്കാണ് ബസ് വെയിറ്റിംഗ് ഷെഡ് പണിതത്. മുൻ മന്ത്രിയും സ്ഥലം എംഎല്‍എയുമായിരുന്ന എ.കെ. ബാലന്‍റെ എംഎല്‍എ ഫണ്ടില്‍ നിന്നാണ് ഇത്രയും തുക ചെലവഴിച്ച് പാഴാക്കിയത്.
ഇ- ടോയ്‌ലറ്റിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് അത് പ്രവർത്തിച്ചത് ഒന്നോ രണ്ടോ മാസം മാത്രം. ഇതിനിടെ ടോയ്‌ലറ്റില്‍ കുടുങ്ങി യാത്രക്കാരെ പുറത്തെത്തിക്കാൻ ഫയർഫോഴ്സ് ഉള്‍പ്പെടെയുള്ളവർ എത്തിയതും ഇ – ടോയ്‌ലറ്റിന്‍റെ ചെറു ചരിത്രത്തിലുണ്ട്. കോയിൻ ഇട്ടാല്‍ തുറക്കുകയും അടയുകയും ചെയ്യുന്നതായിരുന്നു ടോയ്‌ലറ്റ്. പലപ്പോഴും അത് സംഭവിച്ചിരുന്നില്ല. എന്തൊക്കെയായാലും ഒരു കാര്യം സമ്മതിച്ചേ പറ്റൂ. ഉറപ്പിലും ശുചിത്വത്തിലും ഇ- ടോയ്‌ലറ്റിനെ മറികടക്കാൻ മറ്റു കക്കൂസുകള്‍ക്കൊന്നും കഴിയില്ലെന്നായിരുന്നു ടോയ്‌ലറ്റ് നിർമിച്ച പൊതുമരാമത്ത് ഇലക്‌ട്രോണിക്സ് വിഭാഗത്തിന്‍റെ അവകാശവാദം.
അത് പൂർണമായും ശരിയാണെന്ന് യാത്രക്കാരും സമ്മതിക്കുന്നുണ്ട്. കാരണം ടോയ്‌ലറ്റ് ഉപയോഗിച്ചാലല്ലേ ശുചിത്വ പ്രശ്നം ഉണ്ടാകൂ.
ടോയ്‌ലറ്റ് പ്രവർത്തിക്കാതിരുന്നതിനാല്‍ ശുചിത്വവും ഉറപ്പും നിലനിന്നു. ഇതിനാല്‍ ജെസിബി വേണ്ടിവന്നു പൊളിച്ചുമാറ്റാൻ. ആളുകള്‍ക്ക് പേടികൂടാതെ കയറി ശങ്ക തീർക്കാൻ അന്ന് സാധാരണ ടോയ്‌ലറ്റ് നിർമിച്ചിരുന്നെങ്കില്‍ അത് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുമായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge