മംഗലംഡാം-കടപ്പാറ റോഡില്‍ കടമപ്പുഴയില്‍ നിന്നും കടപ്പാറയിലേക്കുള്ള ഒരു കിലോമീറ്റർ വരുന്ന റോഡിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം. തകർന്ന റോഡ് നന്നാക്കാൻ ആരും ഇല്ലാതായതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നു പോകുന്നത്. നടന്നുപോകാൻ പോലും കഴിയാത്ത വിധം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
രണ്ട് വർഷത്തോളമായുള്ള റോഡിന്‍റെ സ്ഥിതിയാണ് ഇത്. റോഡ് തങ്ങളുടേതല്ലെന്നാണ് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പറയുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും കൈമലർത്തുന്നു. പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വർഷങ്ങളേറെ മുമ്പാണ് മംഗലം ഡാമില്‍ നിന്നും കടപ്പാറയിലേക്കുള്ള റോഡ് നിർമിച്ചത്.
മംഗലം ഡാമില്‍ നിന്നും റോഡ് അളന്നപ്പോള്‍ കടപ്പാറയ്ക്ക് മുമ്പ് കടമപ്പുഴയിലെത്തിയപ്പോള്‍ തങ്ങളുടെ റോഡിന്‍റെ ദൂരമായെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് ശേഷിച്ച റോഡ് ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് റോഡിന്‍റെ അറ്റകുറ്റപണികളും അവതാളത്തിലായി.റോഡിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചെറിയ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും പരിശോധിച്ച് ഉടൻ പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും വണ്ടാഴി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. രമേഷ് പറഞ്ഞു.
റോഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്‍റ് അറിയിച്ചു. അതേസമയം, പഞ്ചായത്ത് ഭരണസമിതി യോഗം കൂടി റോഡ് ഏറ്റെടുത്ത് യഥാസമയം പണികള്‍ നടത്തണമെന്നാവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയാല്‍ പരിഹരിക്കാവുന്ന വിഷയമേ ഇക്കാര്യത്തില്‍ ഉള്ളൂ എന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എന്തുകൊണ്ട് റോഡ് ഗതാഗതയോഗ്യമാക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് മതിയായ താത്പര്യം കാണിക്കുന്നില്ല എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge