റോഡരികിലെ സർക്കാർവക മാലിന്യക്കൂമ്പാരം യാത്രക്കാർക്കും പ്രദേശവാസികള്‍ക്കും ഭീഷണിയാകുന്നു. കുന്നങ്കാട്-കണ്ണംകുളം റോഡില്‍ കണ്ണംകുളത്തിനടുത്താണ് ഈ കാഴ്ച. തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി മഞ്ഞില കുളമ്പ് ഭാഗത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി കമ്പിനെറ്റ് കൊണ്ടുള്ള കൂട് സ്ഥാപിച്ചിരുന്നു.
തരംതിരിച്ച മാലിന്യങ്ങളാണ് ഇതിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ളത്. മാലിന്യം ആരെങ്കിലും മോഷ്ടിക്കാതിരിക്കാൻ പൂട്ടിട്ട് പൂട്ടിയാണ് ഇതെല്ലാം സൂക്ഷിക്കുന്നത്. ഇവിടേക്ക് ഇപ്പോള്‍ തൊഴിലുറപ്പുകാർ പോയിട്ട് തൊഴിലില്ലാത്തവർപോലും തിരിഞ്ഞുനോക്കുന്നില്ല. മാലിന്യം മൂലം പലവിധ ശല്യമായപ്പോള്‍ ഇതെല്ലാം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തിലും ആരോഗ്യവകുപ്പിനും മാറിമാറി പരാതി നല്‍കി.
പക്ഷേ, ആരും തിരിഞ്ഞു നോക്കുന്നില്ല. മഴക്കാലത്ത് പകർച്ചവ്യാധികള്‍ പടരുമ്പോള്‍ അപ്പോള്‍ നടപടിയെടുക്കാം എന്ന മട്ടിലാണ് ആരോഗ്യവകുപ്പ്.
ഇത്തരം പരാതികള്‍ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ പഞ്ചായത്തും അനങ്ങുന്നില്ല. ഇതിനോടുചേർന്ന് റോഡ് വക്കിലെല്ലാം ഇപ്പോള്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമാണെന്നു കരുതി ദൂരസ്ഥലങ്ങളില്‍നിന്നും വാഹനങ്ങളിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്.
ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്ന സ്ഥിതിയായപ്പോള്‍ നായ് ശല്യവും രാത്രിയായാല്‍ പന്നിക്കൂട്ടങ്ങളും സ്ഥിരം സന്ദർശകരായി. കാട്ടുപന്നികള്‍ റോഡിനു കുറുകെ പായുന്നതു വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
മഴപെയ്താല്‍ പ്ലാസ്റ്റിക്കിലെല്ലാം വെള്ളംകെട്ടിനിന്ന് കൊതുക് പെരുകി അതുവഴി പകർച്ചവ്യാധി പടരുമെന്ന ആശങ്കയുമുണ്ട്. മാലിന്യം വലിച്ചെറിയരുത്, പ്ലാസ്റ്റിക് കത്തിക്കരുത് എന്നെല്ലാം പറഞ്ഞ് പേടിപ്പിച്ച് മാലിന്യം കൊണ്ടുപോകുന്നതിന് വീട്ടുകാരില്‍ നിന്നും പണം വാങ്ങി ശുചീകരണം നടത്തുന്നവരേയും ഇപ്പോള്‍ കാണാനില്ലത്രെ.
മാലിന്യം എടുക്കാൻ വരുമെന്ന് കരുതി മൂന്നും നാലും ചാക്കുകള്‍ നിറച്ച് മാലിന്യം സൂക്ഷിച്ചിരുന്നവർ ഇപ്പോള്‍ പെട്ടിരിക്കുകയാണ്. മാലിന്യം സൂക്ഷിച്ച് എലിശല്യവും മറ്റു ക്ഷുദ്രജീവികളുമായി സ്ഥല കുറവുള്ള വീട്ടുകാർ ദുരിതത്തിലാണ്.
ബന്ധവസിലുള്ള മാലിന്യങ്ങളും സമീപത്തെ മാലിന്യ കൂമ്ബാരങ്ങളുമെല്ലാം നീക്കം ചെയ്ത് പ്രദേശം ശുചീകരിക്കണമെന്നാണ് പൊതുജനാവശ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge