പാർക്കിംഗ് സൗകര്യമില്ലാതെ വടക്കഞ്ചേരി സബ് ട്രഷറിയും വില്ലേജ് ഓഫീസും വീർപ്പ്  മുട്ടുന്നു.

Share this News

 

വടക്കഞ്ചേരി സബ് ട്രഷറിക്കും  വില്ലേജ് ഓഫീസിനും  പാർക്കിംഗ് സ്ഥലമില്ല. നിത്യേന  ഇരുചക്ര വാഹനങ്ങളും കാറുമായി നൂറുകണക്കിന് പേരാണ് ഈ രണ്ടു ഓഫീസുകളിലേക്ക് എത്തുന്നത്. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് വളപ്പിന്റെ ഒരു മൂലയിലാണ് ഇരു ഓഫീസുകൾക്കും കെട്ടിടം നിർമ്മിക്കാൻ വർഷങ്ങൾക്കു മുമ്പ്   സ്ഥലം നൽകിയത്. ഇരു ഓഫീസുകളുടെ കെട്ടിടത്തിനു ശേഷം പാർക്കിങ്ങിന് സ്ഥലമില്ല അവശേഷിക്കുന്നത്. ഒരു കാർ വന്നാൽ തിരിച്ചു പോവുന്നതിന് ഇരു ഓഫീസ് വളപ്പുകളിലേയും ഞെരുങ്ങിയ ഗേറ്റുകൾക്കിടയിലൂടെ വേണം വാഹനം തിരിക്കാൻ. ട്രഷറി കെട്ടിടത്തിനുശേഷം ശേഷിക്കുന്ന സ്ഥലം ഒരു റോഡിന്റെ വീതിയിൽ മാത്രമാണുള്ളത്. രണ്ടോ മൂന്നോ ഇരുചക്ര വാഹനങ്ങൾ വളപ്പിനകത്ത് കയറ്റിനിർത്തിയാൽ ഓട്ടോറിക്ഷ, 4 ചക്ര വാഹനങ്ങൾ എന്നിവയ്ക്ക് ഓഫീസ് വളപ്പിനകത്ത്  പ്രവേശിക്കാൻ കഴിയില്ല. നിത്യേന പ്രായാധിക്യമുള്ളതും പരസഹായത്തിൽ യാത്ര ചെയ്യുന്നവരുമായ പെൻഷൻകാരുടെ വാഹനം പോലും വളപ്പിനകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയുന്നില്ല.  പ്രധാന റോഡിൽ നിന്ന് ഇരു ഓഫീസുകലിലേക്കും നിർമ്മിച്ചിട്ടുള്ള  പാത അഞ്ചു മീറ്റർ മാത്രം വീതിയുള്ളതിനാൽ പലപ്പോഴും എതിർദേശിൽ നിന്ന് വാഹനം വന്നാൽ ഗതാഗതക്കുരുക്കും നൂറു മീറ്ററോളം ദൂരം വാഹനം പിന്നിലേക്ക് എടുക്കേണ്ട സ്ഥിതിയുമുണ്ട്. പലപ്പോഴും ഒരു വാഹനം ഉള്ളിൽനിന്ന് മടങ്ങിവരുന്നത് പുറമെന്ന പ്രവേശിക്കുന്നവർക്ക് കാണാൻ കഴിയാത്ത സ്ഥിതിയുള്ളത് യാത്രാദുരിതം വർദ്ധിപ്പിക്കുന്നു. വടക്കഞ്ചേരി റസ്റ്റ് ഹൗസ് വളപ്പിൽ ഏക്കർ കണക്കിന് സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ടെങ്കിലും  പൊതുജനങ്ങൾ  നിത്യേന വരുന്ന  ട്രഷറി, വില്ലേജ് ഓഫീസ് എന്നിവയ്ക്ക് ഒരു നാലു ചക്ര വാഹനം വന്നു  തിരിച്ചു പോകാൻ പോലും സൗകര്യമില്ല. ഇതുമൂലം കാർ, ഓട്ടോറിക്ഷ എന്നിവയിൽ വരുന്ന ട്രഷറി, വില്ലേജ് ഓഫീസ്, സേവനഭോക്താക്കളുടെ വാഹനങ്ങൾ ബഹുഭൂരിപക്ഷവും പ്രധാന റോഡിന് സമീപം പാർക്ക് ചെയ്യുന്നതിനാൽ റസ്റ്റ് ഹൗസ് കവല മുതൽ ഹൈവേ കവല വരെയുള്ള റോഡിൽ മിക്കപ്പോഴും ഗതാഗതകുരുക്ക്  പതിവാണ്.  

റസ്റ്റ്‌  ഹൗസ് വളപ്പിലെ ട്രഷറി കെട്ടിടത്തിന് മുൻവശത്തായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തിൽ നിന്ന് 10 സെന്റ് സ്ഥലം ഇരു  ഓഫീസുകൾക്കുമായി പാർക്കിങ്ങിനായി വിട്ടു നൽകണമെന്ന്  പെൻഷൻ സംഘടനകളും, സർവീസ് സംഘടനകളും, സേവനഭോക്താക്കളും നിരവധി തവണ എം.എൽ.എ, ജനപ്രതിനിധികൾ തുടങ്ങി ഉന്നത അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ ബഹുജന സദസ്സിലേക്കും നിരവധി പേർ നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് വളപ്പിൽ പിൻവശത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ജലസംഭരണി സ്ഥാപിക്കാൻ സൗകര്യമുണ്ടായിട്ടും പ്രധാന റോഡിനോട് ചേർന്ന് പുതിയ ജലസംഭരണി  നിർമ്മാണത്തിന് അനുമതി നൽകിയിരിക്കുകയാണ്. നിലവിലുള്ള ജലസംഭരണിക്കും  ട്രഷറിക്കും ഇടയിലുള്ള സ്ഥലം ഇരു  ഓഫീസുകളുടെയും വാഹനപാർക്കിങ്ങിന് അനുവദിച്ച്  ഈ ഓഫീസുകളിൽ എത്തുന്ന സേവനഭോക്താക്കളുടെ ദുരിതം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പുകൾ  പാർക്കിംഗ് സ്ഥലം പ്രത്യേകം ഒഴിച്ചിടണമെന്ന്  നിഷ്കർഷക വയ്ക്കുമ്പോൾ  ദിവസേന 100 കണക്കിന് പൊതുജനങ്ങൾ എത്തുന്ന ട്രഷറി കെട്ടിട പ്ലാനിൽ പാർക്കിംഗ് സ്ഥലം ഇല്ലാതെ അനുമതി നൽകിയത് വിചിത്രമാണ്. സ്വകാര്യ വ്യക്തികൾ കെട്ടിട നിർമ്മാണത്തിന് അനുമതിക്ക് അപേക്ഷിക്കുമ്പോൾ തന്നെ  പൊതുമരാമത്ത് റോഡിൽനിന്ന് നിശ്ചിത അകലം മാറ്റി നിർമ്മിക്കണമെന്നും കെട്ടിടത്തിന്റെ വലിപ്പത്തിനനുസരിച്ച്  പാർക്കിംഗ് സ്ഥലവും ഉണ്ടായിരിക്കണമെന്ന് നിബന്ധനയാണ് ഇവിടെ കാറ്റിൽ പറത്തിയത്. സർക്കാരിന്റെ തന്നെ ഒരു വകുപ്പിന്റെ വളപ്പിൽ ഏക്കർ കണക്കിന് സ്ഥലം കാടുപിടിച്ച് കിടക്കുമ്പോൾ നൂറുകണക്കിന്  ആവശ്യക്കാർ വരുന്ന 2500 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സൗകര്യത്തോടെയുള്ള  ട്രഷറി ഓഫീസിന്  രണ്ടു സെന്റ് സ്ഥലം പോലും  പാർക്കിംഗ് ഇല്ലാതെ ബുദ്ധിമുട്ടുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!