കുറഞ്ഞ ചെലവിൽ ഡ്രൈവിംഗ് പഠിക്കാം; കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾ

Share this News


കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം. പുതുതായി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്‍റെയും സോളാര്‍ പവർ പാനലിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വ്വഹിക്കും. കുറഞ്ഞ ചെലവിൽ ഉന്നത നിലവാരത്തിൽ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തെ ചൊല്ലി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം.
ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടനം. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വിവിധ ഡിപ്പോകളിൽ ആധുനിക സംവിധാനങ്ങളോടെയാണ് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ കെഎസ്ആര്‍ടിസിയുടെ കീഴിൽ ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും. നേരത്തെ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആര്‍ടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌ കുമാർ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവിംഗ് സ്കൂൾ പ്രാവര്‍ത്തികമാകുന്നത്. മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം.
കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനമടക്കം ഡ്രൈവിംഗ് സ്‌കൂളുകൾക്കായി വിനിയോഗിക്കും. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെഎസ്ആര്‍ടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുമെന്നാണ് വിവരം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!