ഓണ വിപണി ലക്ഷ്യമാക്കി അയിലൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ചെറിയ കൃഷിയിടങ്ങളിൽ പോലും വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്ത് ആദായം എടുക്കാൻ കഴിയുമെന്ന് കർഷകരെ ബോധവാന്മാരാക്കാനാണ് മാതൃകയായി അയിലൂർ പഞ്ചായത്തിൽ ചെണ്ടുമല്ലി പൂ കൃഷി ആരംഭിച്ചത്. പുതുച്ചി കണ്ടൻകുളങ്ങര ശ്രീവാസ്തവിൻ്റെ സ്ഥലത്താണ് ഹൈബ്രിഡ് ചെണ്ടുമല്ലി കൃഷി ഇറക്കിയത്. അഞ്ചു സെന്റിൽ 1500 തൈകളാണ് നട്ടത്. പ്രത്യേകം തടമെടുത്ത് ജൈവവളങ്ങളും ചേർത്താണ് കൃഷിയിറക്കിയിരിക്കുന്നത്. പരമ്പരാഗത കൃഷികൾക്ക് പുറമെ വിപണിമൂല്യവും കാലാനുസൃതമായ കൃഷിരീതികളും ഇടവിള കൃഷികളും നടപ്പാക്കുന്നതിൽ കർഷകരെ പ്രോത്സാഹിപ്പിക്കുന്ന അയിലൂർ കൃഷിഭവൻ അധികൃതരാണ് പുതിയ കാർഷിക വിളകൾക്ക് കർഷകരെ പ്രേരിപ്പിക്കുന്നത്. അയിലൂർ കൃഷി ഓഫിസർ എസ്. കൃഷ്ണ ചെണ്ടുമല്ലി കൃഷിയുടെ സാധ്യതകളും വിപണി സൗകര്യങ്ങളും കൃഷി രീതികളെയും കുറിച്ച് വിവരിച്ചു. അയിലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റജീന ചാന്ദ് മുഹമ്മദ് തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹൃസ്വകാല വാണിജ്യ കൃഷി രീതികളെ കുറിച്ച് കൃഷി. അസിസ്റ്റൻ്റുമാരായ സി. സന്തോഷ്, ജി.ദീപിക എന്നിവർ കർഷകർക്ക് അവബോധം നൽകി. പഞ്ചായത്ത് അംഗങ്ങളായ .വത്സല, ഉമാദേവി, പാടശേഖര സമിതി സെക്രട്ടറിമാരായ എ. അനിൽകുമാർ, കെ. സുന്ദരൻ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1