നെൽപ്പാടങ്ങളിൽ അട്ട ശല്യം രൂക്ഷം. ഞാറു നടുന്ന തൊഴിലാളികൾ ബുദ്ധിമുട്ടുന്നു.

Share this News

നെൽപ്പാടങ്ങളിൽ കൃഷിപ്പണിക്കിറങ്ങുന്ന  തൊഴിലാളികളെ അട്ടകൾ  കടിക്കുന്നു. കടുത്ത വേനൽ കഴിഞ്ഞ് വെള്ളം നിറഞ്ഞ നെൽപ്പാടങ്ങളിലാണ് വ്യാപകമായി അട്ടകളെ കാണുന്നത്. ഞാറു പറിക്കുന്നതിനും നടീലിനും കിളയ്ക്കുന്നതിനുമായി നെൽപ്പാടങ്ങളിൽ ഇറങ്ങുന്ന തൊഴിലാളികളുടെ കാലിലാണ് അട്ടകൾ കൂട്ടത്തോടെ കടിക്കുന്നത്.  അട്ട ശല്യത്തിൽ നിന്ന് ഒഴിവാക്കുന്നതിനായി തൊഴിലാളികൾ   വേപ്പെണ്ണ, കർപ്പൂരം , പുൽ തൈലം, പുകയില എന്നിവ കാലിൽ  തേച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്നാണ് പരാതി.  ചിലർ സോക്സ്  ധരിച്ചും പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. തോടുകളും പുഴകളും നിറഞ്ഞ്  വെള്ളം പരന്നൊഴുകിയതോടെയാണ് നെൽപ്പാടങ്ങളിൽ അട്ട വ്യാപകമായി കാണപ്പെട്ടത്. അട്ടയുടെ ശല്യം ഒഴിവാക്കാനായി കർഷകർ നെൽപ്പാടങ്ങളിൽ ചുണ്ണാമ്പ് വിതറി നോക്കുന്നുണ്ടെങ്കിലും കുറയുന്നില്ലെന്ന് പരാതി. നെൽപ്പാടങ്ങളിൽ നിന്ന് പുറത്തേക്കും  അകത്തേക്കും ഒഴുകുന്ന വെള്ളത്തിലൂടെ മത്സ്യങ്ങളെപ്പോലെ  നീന്തി വരുകയാണ് അട്ടകൾ.  നീന്തി വരുമ്പോൾ രണ്ടിഞ്ചിലേറെ നീളത്തിൽ ശരീരത്തിന്റെ വശങ്ങളിൽ വെളുത്ത വരകളോടെയാണ് കാണുന്നത്.

വനപ്രദേശങ്ങളിൽ കാണുന്ന അട്ടകളിൽ നിന്ന് ചെറിയതോതിൽ വ്യത്യാസം കാണുന്നുണ്ടെങ്കിലും വനമേഖലയിലെ പോലെ മണ്ണിൽ പിടിച്ചുനിന്ന്  തല ഉയർത്തി നിൽക്കുന്നില്ല. കരയിൽ കയറ്റി ഇട്ടാൽ വനമേഖലയിൽ കാണുന്നവയെപ്പോലെ അരിച്ചു നടക്കുന്നുണ്ട്. രണ്ടു മൂന്നു വർഷമായി കയറാടി, മരുതഞ്ചേരി,  ചെട്ടികുളമ്പ്, ആലംബള്ളം  തുടങ്ങിയ പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിൽ വ്യാപകമായി അട്ടകളെ കണ്ടു തുടങ്ങിയത്. 2018 ലെ പ്രളയത്തിനു ശേഷമാണ് മേഖലയിലെ നെൽപ്പാടങ്ങളിൽ അട്ടകൾ സജീവസാന്നിധ്യമായതെന്ന് തൊഴിലാളികളും കർഷകരും പറയുന്നു. കരയിൽ കയറ്റി ഇട്ടാലും ഉപയജീവികളെ പോലെ കഴിഞ്ഞുകൂടുന്ന അട്ടകൾ പുഴുക്കളെപ്പോലെ അരിച്ചു നടക്കുന്നുണ്ട് . നെൽപ്പാടങ്ങളിൽ കൊക്കുകളും മറ്റു നീർപക്ഷികളും സജീവമായി ഉണ്ടെങ്കിലും  അട്ടകൾ നിയന്ത്രണ വിധേയമായി കാണുന്നില്ല. അട്ടകളെ നെൽപ്പാടങ്ങളിൽ നിന്ന് ഒഴിവാക്കാൻ വെള്ളം വാർത്തു കളഞ്ഞ് കീടനാശിനി തളിച്ചു നോക്കിയിട്ടും ഫലം കാണുന്നില്ലെന്നും വീണ്ടും വെള്ളം പുറത്തേക്കു ഒഴുകുകയോ അകത്തേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ അട്ടകൾ ഉണ്ടാകുന്നതായി കർഷകർ പറഞ്ഞു. കടുത്ത വേനലിൽ നെൽപ്പാടങ്ങൾ വറ്റി വരണ്ട് പല ആവർത്തി ഉഴുതുമറിച്ച് നെൽപ്പാടങ്ങളിലും വീണ്ടും അട്ടകളെ  കാണുന്നത് അത്ഭുതത്തോടെയാണ് കാർഷികമേഖലയിലുള്ളവർ  നോക്കിക്കാണുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!